കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന്റെ മൃതദേഹം രാവിലെ മുൻസിപ്പൽ ടൗൺ ഹാളിലും, തുടർന്ന് ചാവറ കൾച്ചറൽ സെന്ററിലും പൊതു ദർശനത്തിന് വെച്ചു. നാല് പതിറ്റാണ്ട് നീണ്ട് നിന്ന സിനിമാ ജീവിതം അവസാനിപ്പിച്ച് നിത്യതയിലേയ്‌ക്ക് യാത്രയായ അതുല്യ കലാകാരനെ അവസാനമായി കാണാൻ സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം വൻ ജനാവലിയാണ് എത്തയിത്. മരടിലെ ഫ്‌ളാറ്റിലും പൊതുദർശനത്തിന് വെച്ച ശേഷം ഇളംകുളത്തെ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കും. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ ടൗൺ ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു.
നടൻ ഇന്നസെന്റ്, മന്ത്രി പി രാജീവ്, നടനും എം.എൽ.എയുമായ മുകേഷ്, സാഹിത്യകാരൻ എം.കെ സാനു, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും ആദരാജ്ഞലി അർപ്പിക്കാൻ ടൗൺ ഹാളിൽ എത്തിയിരുന്നു. വൈകിട്ട് നാല് മണിയ്‌ക്ക് ആയിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ.
ജോൺ പോളിനെ ആശുപത്രിയിൽ എത്തി കണ്ടിരുന്നുവെന്നും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നതെന്നും നടൻ മമ്മൂട്ടി പറഞ്ഞു. വേർപാട് വേദനയുണ്ടാക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
മലയാള സിനിമയിൽ പരിവർത്തനത്തിന് തുടക്കമിട്ടയാളാണ് ജോൺ പോളെന്ന് സംവിധായകൻ ജയരാജ് പറഞ്ഞു. മലയാള സിനിമയിലെ കൂട്ടായ്മയ്‌ക്ക് തുടക്കമിട്ടത് ജോൺ പോളാണെന്നും ജയരാജ് കൂട്ടിച്ചേർത്തു. എം പി ബെന്നി ബഹനാൻ, ടി.ജെ വിനോദ് എം.എൽ.എ എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. മലയാള സിനിമയിൽ പകരം വെയ്‌ക്കാനില്ലാത്ത സാന്നിധ്യമായിരുന്നു ജോൺ പോളെന്ന് തിരക്കഥാകൃത്ത് രഞ്ജി പണിക്കർ പറഞ്ഞു. ജോൺപോളിന്റെ വിയോഗം തീരാനഷ്ടമാണെന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.
നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ ആണെന്ന് സംവിധായകൻ സിദ്ധീഖ് പറഞ്ഞു. ജോൺ പോൾ മലയാള സിനിമയിൽ സവിശേഷമായ കാലഘട്ടത്തിനു തുടക്കം കുറിച്ചുവെന്ന് മന്ത്രി പി.രാജീവ് അനുശോചിച്ചു. ജോൺ പോൾ ഗുരുതുല്യനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാത്ത വേദനയാണെന്നും സംവിധായകൻ ലാൽ ജോസ് പറഞ്ഞു.
മലയാളികൾക്ക് മറക്കാനാകാത്ത ചിത്രങ്ങൾ സമ്മാനിച്ച പ്രതിഭയാണ് ജോൺ പോളെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. ജോൺ പോളിനെ പോലെയുള്ള പ്രതിഭകൾക്ക് അവസാന കാലഘട്ടത്തിൽ ചികിത്സയ്‌ക്കടക്കം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമുണ്ടായി. ഇത്തരം സാഹചര്യങ്ങൾ മറികടക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. സിനിമാലോകത്തിന് ജോൺ പോൾ നൽകിയ സംഭാവന വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
















Comments