കണ്ണൂർ: മലപ്പുറത്ത് നടുറോഡിൽ സഹോദരിമാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിയ്‌ക്ക് ശിക്ഷ നൽകണമെന്ന് മർദ്ദനത്തിനിരയായ അസ്‌ന അസീസ്. വണ്ടി ഇടിച്ചിടാൻ പോയതിനാണ് ഞങ്ങൾ പ്രതികരിച്ചതെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമമുണ്ടായതായും പരാതിക്കാരിയായ അസ്‌ന പറഞ്ഞു. ലോങ് ഹോൺ അടിച്ചിരുന്നു അതാണ് അയാളെ ദേഷ്യം പിടിപ്പിച്ചത്. അവരെല്ലാവരും മുസ്ലീം ലീഗിന്റെ ആൾക്കാരാണെന്നും അസ്‌ന പ്രതികരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മൻസിലിൽ അസ്ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
സഹോദരങ്ങളെ മർദ്ദിച്ച ഇബ്രാഹിം ഷബീർ പ്രാദേശിക മുസ്ലീം ലീഗ് നേതാവാണ്. ലീഗ് നേതാക്കളുടെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കാനാണ് പ്രതികൾ ശ്രമിക്കുന്നത്. ഇതിന് പോലീസിന്റെ പിന്തുണയുണ്ട്. വീഴാൻ പോയപ്പോൾ പ്രതികരിച്ചതാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് സഹോദരിമാർ പറയുന്നു. കോഴിക്കോട് നിന്ന് മലപ്പുറത്തേയ്‌ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. അമിത വേഗതിയിൽ കാറോടിച്ചെത്തിയ ഇബ്രിഹിം, അസ്‌നയും ഹംനയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുത്തുന്ന രീതിയിൽ തെറ്റായ വശത്തേയ്‌ക്ക് ഓവർടേക്ക് ചെയ്യുകയായിരുന്നു.
‘വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. കുടുംബത്തിലുള്ളവർക്കും അവരെ പറ്റി അറിയാമായിരുന്നു. ഇതോടെ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കാനാണ് അവർ ശ്രമിച്ചത്. അടുത്തുള്ള വീടുകളിലേയും നാട്ടിലേയും ആൾക്കാർ വന്ന് സംസാരിക്കാൻ തുടങ്ങി. നിങ്ങൾ പെൺകുട്ടികളല്ലേ, പ്രശ്നം ഒതുക്കി കൂടെയെന്നാണ് അവർ ചോദിച്ചത്. നടുറോഡിൽ വച്ചാണ് ഞങ്ങളെ തല്ലിയത്. ഇതിൽ നിന്ന് അവർ രക്ഷപ്പെട്ടാൽ ആരെ വേണമെങ്കിലും കൈ വയ്‌ക്കാമെന്ന നില വരും. സ്വാധീനവും പണവും വച്ച് എന്തും കളിക്കാമെന്ന് നിലയിലാണ്’ അസ്‌ന പറഞ്ഞു.
കോഹിനൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചത്. ഹോണടിച്ച് മുന്നോട്ടുപോയ സ്‌കൂട്ടറിനെ പാണമ്പ്രയിലെ ഇറക്കത്തിൽ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറിൽനിന്നിറങ്ങിയ ഇബ്രാഹിം ബഷീർ പ്രകോപനംകൂടാതെ ആക്രമിക്കുകയായിരുന്നു. നടുറോഡിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു യുവാവിന്റെ ആക്രമണമെന്ന് പരിക്കേറ്റ സഹോദരിമാർ പറഞ്ഞു.
Comments