തിരുവനന്തപുരം: ഈ മാസം 29 ന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വരവേൽക്കാനുളള ഒരുക്കത്തിലാണ് തലസ്ഥാന നഗരം. തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും കൂറ്റൻ ഫ്ളക്സ് ബോർഡുകൾ അമിത് ഷായ്ക്ക് സ്വാഗതമോതി ഉയർന്നുകഴിഞ്ഞു.
ബിജെപി പൊതു സമ്മേളനത്തിലും പട്ടികജാതി സംഗമത്തിലും അമിത് ഷാ പങ്കെടുക്കും. സന്ദർശനവുമായി ബന്ധപ്പെട്ട അവലോകനയോഗം സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്നു. സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പൊതുയോഗത്തിൽ വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിലാണ് പട്ടികജാതി സംഗമം സംഘടിപ്പിച്ചിട്ടുളളത്. അമിത് ഷാ സംഗമം ഉദ്ഘാടനം ചെയ്യും.
മുൻപ് അമിത് ഷാ കേരളത്തിലെത്തിയപ്പോഴൊക്കെ വൻ ജനക്കൂട്ടമായിരുന്നു അദ്ദേഹത്തെ കാണാൻ എത്തിയിരുന്നത്. ഇതിനെ മറികടക്കുന്ന ആവേശവും ജനക്കൂട്ടവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഗുണ്ടകൾ തുടർച്ചയായി സംഘപരിവാർ പ്രവർത്തകർക്ക് നേരെ അക്രമവും കൊലപാതകവും നടത്തുന്ന പശ്ചാത്തലത്തിൽ ഇതിനുളള താക്കീതും പാർട്ടിയുടെ ശക്തിപ്രകടനവും കൂടിയാകും തിരുവനന്തപുരത്തെ പരിപാടികൾ.
Comments