ഭോപ്പാൽ : മദ്ധ്യപ്രദേശിൽ വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ച പ്രധാന അദ്ധ്യാപകൻ അറസ്റ്റിൽ. സിദ്ധി ജില്ലയിലാണ് സംഭവം. ഖാദ്ദി സർക്കാർ ഹയർസെക്കന്ററി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആയ ധീരേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ രണ്ട് ദിവസമായി ധീരേന്ദ്ര സിംഗ് മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും, ശബ്ദ സന്ദേശങ്ങളും അയക്കുകയാണെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഓൺലൈൻ ക്ലാസിനായി രൂപീകരിച്ച ഗ്രൂപ്പിൽ നിന്നാണ് പ്രധാന അദ്ധ്യാപകന് പെൺകുട്ടിയുടെ ഫോൺ നമ്പർ ലഭിച്ചത്. തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയക്കാൻ ആരംഭിച്ചതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രധാന അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Comments