ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായിയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നതിന് പിന്നാലെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും വൈറസ് വ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 22 ദശലക്ഷം ആളുകളെയും കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
വ്യാപക പരിശോധന ആരംഭിച്ചതിന് പിന്നാലെ ബെയ്ജിങ്ങിലെ ചായങ് ജില്ലയിൽ 3.5 ദശലക്ഷം ജനങ്ങളെ പരിശോധനയ്‌ക്ക് വിധേയമാക്കി. ഓരോരുത്തരേയും മൂന്ന് തവണയാണ് പരിശോധിക്കുക. ഒന്നിടവിട്ട ദിനങ്ങളിലാണ് ഇത്തരത്തിൽ പരിശോധന നടത്തുകയെന്നും ഇതുവഴി വൈറസ് ബാധിതരെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും ബെയ്ജിങ് അധികൃതർ പറയുന്നു.
33 പുതിയ കേസുകളാണ് നഗരത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിൽ 32 പേർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. ഏപ്രിൽ 22 മുതലുള്ള കണക്ക് പ്രകാരം ബെയ്ജിങ്ങിൽ മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 103 രോഗികളാണ്. ഇതിൽ ഉറവിടമറിയാത്ത രോഗികളും സ്ഥിരീകരിക്കുന്നുണ്ട്.
രോഗികൾ വർധിച്ച സാഹചര്യത്തിൽ ബെയ്ജിങ്ങിൽ ആൾക്കൂട്ടം ഒത്തുചേരുന്നതും ആഘോഷ പരിപാടികളും നിരോധിച്ചിരിക്കുകയാണ്. എക്‌സിബിഷനുകൾ ഓഫ്‌ലൈൻ ക്ലാസുകൾ, കായിക പരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി. അതേസമയം ഷാങ്ഹായിയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. 15,319 രോഗികളാണ് കഴിഞ്ഞ ദിവസം ഷാങ്ഹായിയിൽ രേഖപ്പെടുത്തിയത്.
Comments