ലക്‌നൗ: നഴ്‌സിന്റെ കൈകളിൽ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിൻഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്പോഴായിരുന്നു അപകടം നടന്നത്. നവജാത ശിശുവിനെ ടവ്വലിൽ പൊതിയാതെ എടുത്തതിനാൽ നഴ്‌സിന്റെ കൈയ്യിൽ നിന്നും വഴുതി വീഴുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അപകടം സംഭവിക്കുന്നതിന് ദൃക്‌സാക്ഷിയാണ്. കുഞ്ഞ് വീഴുന്നത് കണ്ട അമ്മയുടെ നിലവിളി കേട്ട് കുടുംബം ലേബർ റൂമിലേക്ക് ഓടിവരികയും ചെയ്തിരുന്നു.
കുഞ്ഞിനെ ഒരു കൈകൊണ്ട് മാത്രമാണ് നഴ്‌സ് പിടിച്ചിരുന്നതെന്ന് അമ്മ മൊഴി നൽകി. എന്നാൽ ആശുപത്രി അധികൃതർ നഴ്‌സിനെതിരെയുള്ള വാദം തള്ളിക്കളഞ്ഞുവെന്നാണ് കുടുംബത്തിന്റെ പരാതി. കുഞ്ഞ് ചാപിള്ളയായിട്ടാണ് ജനിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്‌ക്ക് പരിക്കേറ്റതായി തെളിഞ്ഞതോടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments