മുംബൈ: തോൽക്കുമെന്ന് കരുതിയ ഗുജറാത്തിനെ വിജയതീരത്തിലേക്ക് നയിച്ച് റാഷിദ് ഖാൻ. അവസാന പന്തിൽ മൂന്ന് റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ സിക്‌സർ പറത്തി ടീമിനെ വിജയിപ്പിച്ച് അഫ്ഗാൻ താരം ഏവരുടെയും കൈയ്യടി ഏറ്റുവാങ്ങിയാണ് കളം വിട്ടത്. ഗുജറാത്ത് ടൈറ്റൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചാണ് അവേശകരമായ മത്സരം അവസാനിപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമ്മയുടെ മികച്ച ബാറ്റിങ് ഹൈദരാബാദിന് മികച്ച തുടക്കം നൽകി. അഭിഷേക് 42 പന്തിൽ 65 റൺസെടുത്തു. മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമാണ് ശർമ്മയുടെ ഇന്നിങ്‌സിന്റെ സവിശേഷത. ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ(5) വിക്കറ്റാണ് ആദ്യം വീണത്. തുടർന്ന് എത്തിയ രാഹുൽ ത്രിപാഠി(16) ആണ് അടുത്ത വിക്കറ്റ്.
മൂന്നാം വിക്കറ്റിൽ എയ്ഡൻ മർക്രാം(56) അഭിഷേക് ശർമ്മയുമായി ചേർന്ന് 96 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ നിക്കോളാസ് പൂരൻ(3), വാഷിങ്ടൺ സുന്ദർ(1) എന്നിവർ വേഗം മടങ്ങി. അവസാന ഓവറിൽ ശശാങ്ക് സിംഗും മാർക്കോ ജൻസനും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് സൺറൈസേഴ്‌സിന്റെ സ്‌കോർ 195ലേക്ക് എത്തിച്ചത്. അവസാന ഓവറിൽ ശശാങ്ക് സിംഗ് മൂന്നും ജൻസൻ ഒന്നും സിക്‌സറുകൾ പറത്തി.
ഹൈദരാബാദ് ഉയർത്തിയ വലിയ സ്‌കോറിനെ പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. വൃദ്ധിമാൻ സാഹ(69), ശുഭ്മാൻ ഗിൽ(22) എന്നിവർ ഓപ്പണിങ് കൂട്ടുകെട്ടിൽ മികച്ച പ്രകടനമാണ് നടത്തിയത്. 5.2 ഓവറിൽ ഗുജറാത്ത് 50 കടന്നു. ഇരുവരും ആദ്യ വിക്കറ്റിൽ 69 റൺസിന്റെ കുട്ടുകെട്ടുണ്ടാക്കി. ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
ഗില്ലിനെ ഉമ്രാൻ മാലിക് ക്ലീൻബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ(10) വേഗം തന്നെ പുറത്തായി. തുടക്കം മുതൽ ആഞ്ഞടിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ പാണ്ഡ്യ നേരിട്ട അഞ്ചാം പന്തിൽ ജാൻസന് ക്യാച്ച് സമ്മാനിച്ച് പുറത്താവുകയായിരുന്നു. ഉമ്രാൻ മാലികിന് തന്നെയായിരുന്നു വിക്കറ്റ്. സാഹയെ മനോഹരമായ യോർക്കറിലൂടെ ഉമ്രാൻ മാലിക് പുറത്താക്കി. 152 കിലോമീറ്റർ വേഗതയിൽ വന്ന പന്ത് മിഡിൽ സ്റ്റമ്പിന്റെയും ലെഗ് സ്റ്റമ്പിന്റെയും മധ്യത്തിലാണ് പതിച്ചത്.
നാലാമനായി ഇറങ്ങിയ ഡേവിഡ് മില്ലർ(17) ഉമ്രാന്റെ പന്തിൽ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയ അഭിനവ് മനോഹറിനെ ആദ്യ പന്തിൽ തന്നെ ഉമ്രാൻ ക്ലീൻബൗൾഡാക്കി. ഉമ്രാന്റെ മത്സരത്തിലെ അവസാന പന്തായിരുന്നു. നാല് ഓവർ എറിഞ്ഞ ഉമ്രാൻ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി.
കളി കൈവിട്ട് പോയി എന്ന് കരുതിയ ഘട്ടത്തിലാണ് രാഹുൽ തേവാതിയ(40), റാഷിദ് ഖാൻ(31) എന്നിവർ പൊരുതി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന അപരാജിത കൂട്ടുകെട്ടിൽ 59 റൺസ് പിറന്നു. റാഷിദ് ഖാൻ 11 പന്തിൽ നാല് സിക്‌സറുകൾ അടിച്ചാണ് 31 എടുത്തത്. തേവാതിയ 21 പന്തിൽ രണ്ട് സിക്‌സറുകളും നാല് ബൗണ്ടറികളും അടിച്ചുകൂട്ടി. വിജയത്തോടെ പോയന്റ് പട്ടികയിൽ 14 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
Comments