ശ്രീനഗർ: ജമ്മുകശ്മീരിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുപ്കർ കക്ഷികൾ ഒരുമിക്കണമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വ്യക്തിപരമായ തീരുമാനമാണ് ഇതെന്നും കശ്മീരിൽ വോട്ട് ഭിന്നിപ്പിക്കാതിരിക്കാൻ കൂടിയാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വെയ്‌ക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഒമർ അബ്ദുള്ളയുടെ അഭിപ്രായത്തെ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി സ്വാഗതം ചെയ്തു.
കശ്മീരിന്റെ അമിതാധികാരം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികളുമായി മുന്നോട്ട് പോകുന്ന പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് ഗുപ്കർ സഖ്യം. നാഷണൽ കോൺഫറൻസിനും പിഡിപിക്കും പുറമേ അവാമി നാഷണൽ കോൺഫറൻസും പീപ്പിൾസ് മൂവ്മെന്റും സിപിഐഎമ്മും സഖ്യത്തിൽ കക്ഷികളാണ്. ഗുപ്കർ സഖ്യത്തിനോടുള്ള തന്റെ നിർദ്ദേശമാണിതെന്നും തീരുമാനം കൂടിയാലോചിച്ച് എടുക്കണമെന്നുമാണ് ഒമർ അബ്ദുള്ള പറഞ്ഞത്.
ബിജെപിയ്‌ക്കെതിരെ പോരാടാൻ ഒരുമിച്ച് നിൽക്കണമെന്ന് മുൻപ് പല തവണ മെഹബൂബ മുഫ്തി പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ ആര് ജയിക്കുന്നു എന്നുള്ളതല്ല, ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്നാണ് മെഹബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നത്. ഒരാഴ്ചമുൻപ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി മെഹബൂബ മുഫ്തി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. കൂടിക്കാഴ്‌ച്ചയുടെ ലക്ഷ്യം ഇരുവരും പങ്കുവെച്ചിട്ടില്ല.
കശ്മീരിൽ അധികാരത്തിലുള്ള ബിജെപിയെ എങ്ങനെയും താഴെയിറക്കണമെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിട്ടാലും ജയിക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. ജമ്മുകശ്മീരിലെ ജനങ്ങൾ വോട്ട് നൽകില്ലെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന വ്യക്തമാക്കിയത്. സംസ്ഥാനത്ത് എപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാലും ബിജെപി അധികാരത്തിലെത്തും. ജമ്മുവിന്റെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്നും റെയ്‌ന പറഞ്ഞിരുന്നു.
















Comments