ന്യൂഡൽഹി: പാർട്ടിയിൽ ചേരാനുള്ള ക്ഷണം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തള്ളിയതിന് പിന്നാലെ ന്യായീകരണവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ പാർട്ടിയുടെ വാതിലുകളും ജനലുകളും എല്ലായ്‌പ്പോഴും വ്യക്തികൾക്കും അവരുടെ നിർദ്ദേശങ്ങൾക്കും മുന്നിൽ തുറന്ന് ഇട്ടിരിക്കുകയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. വ്യക്തികളെക്കാൾ വലുതാണ് കോൺഗ്രസ് പാർട്ടിയെന്നും, അതിന്റെ മൂല്യങ്ങൾ തന്നെയാണ് കോൺഗ്രസിനെ ഈ രാജ്യത്തെ ഏറ്റവും മികച്ച പാർട്ടിയാക്കി മാറ്റാൻ സഹായിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചതിന് ശേഷമാണ് പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരുന്നില്ലെന്ന് വ്യക്തമാക്കിയത്.
തന്നെക്കാൾ കോൺഗ്രസിന് ആവശ്യം ഒത്തൊരുമയും കൂട്ടായ്മയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ ക്ഷണം നിരസിച്ചത്. പാർട്ടിയിൽ ആഴത്തിൽ വേരോടിയ പ്രശ്‌നങ്ങൾ വിപ്ലവകരമായ മാറ്റങ്ങളിലൂടെ തിരുത്തപ്പെടണമെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പരിപൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയതാണ് പ്രശാന്തിന്റെ തീരുമാത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്ത് കിഷോറുമായുള്ള ചർച്ചകൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉന്നതാധികാര കർമ്മ സമിതിയെ നിയോഗിച്ചിരുന്നു. അതേസമയം പാർട്ടിക്ക് വേണ്ടി നൽകിയ നിർദ്ദേശങ്ങൾക്ക് പ്രശാന്ത് കിഷോറിനെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.
Comments