ലക്‌നൗ: മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്‌ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്‌ട്രപതിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന അഖിലേഷ് യാദവ് അയാളുടെ പാത ശരിയാക്കുന്ന തിരക്കിലാണെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ദിവസം മെയിൻപുരിയിൽ നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു അഖിലേഷിന്റെ പരിഹാസം. ‘ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിഎസ്പി അവരുടെ വോട്ടുകളെല്ലാം ബിജെപിക്ക് കൊടുത്തു. ഇനി ബിജെപി അതിന് പ്രതിഫലമായി മായാവതിയെ രാഷ്‌ട്രപതിയാക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നുമായിരുന്നു’ അഖിലേഷിന്റെ പരാമർശം.
രൂക്ഷമായ ഭാഷയിൽ തന്നെയാണ് മായാവതി ഇതിനെ വിമർശിച്ചത്. അങ്ങനെയൊരു സ്ഥാനം ഇതുവരെ സ്വപ്‌നം കണ്ടിട്ടു പോലുമില്ലെന്ന് മായാവതി പറഞ്ഞു. ‘ ഈ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകണമെന്ന് ഞാൻ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ട് പാവപ്പെട്ട ജനങ്ങളെ സ്വന്തം കാലിൽ നിർത്തുന്നതിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്. അത് ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷേ പ്രസിഡന്റ് സ്ഥാനം മോഹിച്ചിട്ടില്ല. അതുകൊണ്ട് സമാജ്‌വാദി പാർട്ടി ആ പരിഹാസത്തെ വിട്ടേക്കൂ. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാകാനുള്ള വഴി തെളിക്കാനാണ് എന്നെ രാജ്യത്തിന്റെ രാഷ്‌ട്രപതിയാക്കാമെന്ന് എസ്പി നേതാവ് സ്വപ്നം കാണുന്നതെന്നും’ മായാവതി പറഞ്ഞു.
Comments