എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടി കേരള ഘടകത്തിൽ ഭിന്നത. ദേശീയ നേതാവ് വിൻസന്റ് ഫിലിപ്പ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ എതിർപ്പ് ഉയരുകയാണ്. വിൻസന്റിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന കോർഡിനേറ്റർ പി.സി സിറിയക് പറഞ്ഞു. സ്ഥാനാർത്ഥിയാകണമെങ്കിൽ കേരള ഘടകത്തെയാണ് ആദ്യം അറിയിക്കേണ്ടത്. കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് സ്ഥാനാർത്ഥി സാദ്ധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകുമെന്നും സിറിയക് പറഞ്ഞു.
ട്വിന്റി-20യുമായി ചേർന്ന് സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ എഎപി അറിയിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നത് ആദ്യത്തെ തീരുമാനമാണ്. രണ്ടാമതാണ് മത്സരിച്ചുകഴിഞ്ഞാൽ സ്ഥാനാർത്ഥി ആര് എന്നത്. ഇതിൽ മത്സരിക്കണോ എന്ന കാര്യത്തിൽ പോലും തീരുമാനമെടുത്തിട്ടില്ലെന്ന് സിറിയക് പറഞ്ഞു. തൃക്കാക്കരയുടെ കാര്യം പരിഗണനയിലാണ്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ തീരുമാനം കൂടി പരിഗണിച്ച് സ്ഥാനാർത്ഥിയുടെ പേര് കേന്ദ്രത്തിന് അയച്ചു കൊടുക്കുമെന്നും കേന്ദ്രമാണ് തീരുമാനമെടുക്കുന്നതെന്നും സിറിയക് പറഞ്ഞു. വിൻസന്റ് ഫിലിപ്പ് സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായാണ് കേൾക്കുന്നത്. അങ്ങനെയൊരു പ്രഖ്യാപനത്തെ ഒരിക്കലും അംഗീകരിക്കില്ല. സ്റ്റേറ്റ് കമ്മിറ്റിയുടെ അനുമതിയോടെയല്ല സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സ്വയം പ്രഖ്യാപനം ശരിയല്ല. അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം വേണമെന്നുണ്ടെങ്കിൽ കമ്മിറ്റിയെ അദ്ദേഹത്തിന് സമീപിക്കാമെന്നും സിറിയക് പറഞ്ഞു.
Comments