കൊച്ചി: ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സഹോദരന്മാർ അറസ്റ്റിൽ. സ്ത്രീശബ്ദത്തിൽ സംസാരിച്ച് ഹണിട്രാപ്പ് ഒരുക്കിയവരാണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
ഹണിട്രാപ്പിലൂടെ 46 ലക്ഷം രൂപയോളം സംഘം തട്ടിയെടുത്തുവെന്നാണ് വിവരം. ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതികൾ ഹണിട്രാപ്പ് ഒരുക്കിയതെന്ന് കൊച്ചി മരട് പോലീസ് അറിയിച്ചു.
ഇരയായ വ്യക്തിയുടെ ഭാര്യയാണ് പരാതി നൽകിയത്. സ്ത്രീകൾ വിളിച്ച് തന്റെ ഭർത്താവിനോട് സംസാരിക്കുന്നുണ്ടെന്നും അവർക്ക് പണം കൊടുക്കുകയാണ് ഭർത്താവെന്നും അറിഞ്ഞതിന് പിന്നാലെ പോലീസിൽ പരാതിപ്പെടുകയായിരുന്നു ഭാര്യ. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സ്ത്രീകളുടെ ശബ്ദത്തിൽ വിളിച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്.
കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. നിലവിൽ മറ്റ് പരാതികൾ ലഭിച്ചിട്ടില്ലെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മരട് പോലീസ് അറിയിച്ചു.
















Comments