തൃശൂർ : തൃശൂർ പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ഇതാദ്യമായാണ് തൃശൂർ പൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ജില്ലാ കളക്ടർക്കാണ് തുക കൈമാറുക.
അതേസമയം പൂരത്തിന് മുന്നോടിയായി പന്തലുകളുടെ കാൽനാട്ടുകർമ്മം വ്യാഴാഴ്ച പൂർത്തിയായി. കൊറോണ നിയന്ത്രണങ്ങൾ മിതപ്പെടുത്തി പൂർവാധികം ഗംഭീരമായി ഇത്തവണ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മാസ്‌കും സാനിറ്റൈസറും അടക്കം സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദേശം.
മഹാമാരി മൂലം ചടങ്ങുകൾ മാത്രമായി നടന്നിരുന്ന പൂരം രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ശക്തൻ തമ്പുരാൻ വിഭാവനം ചെയ്ത അതേരീതിയിൽ എല്ലാവിധ ചടങ്ങുകളോടും കൂടെ നടക്കാൻ പോകുന്നത്. പൂരംദിനത്തിന് ഏഴ് ദിവസം മുമ്പ് പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവിലും തിരുവമ്പാടിയിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.
മെയ് 9നാണ് പൂരവിളംബര ചടങ്ങ്. തെക്കേ ഗോപുരവാതിൽ തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളുന്നതോട് കൂടിയാണ് പൂരവിളംബര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. മെയ് 11-നാണ് ഉപചാരം ചൊല്ലിപിരിയുന്ന ചടങ്ങ് നടക്കുക. അതിനിടെ സാമ്പിൾ വെടിക്കെട്ടും പ്രധാന വെടിക്കെട്ടും ഉണ്ടാകും. വെടിക്കെട്ടിന് ആദ്യം അനുമതി ലഭിച്ചില്ലായിരുന്നുവെങ്കിലും സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിൽ അനുമതി ലഭിക്കുകയായിരുന്നു.
രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തൃശൂർ പൂരം കെങ്കേമമാകുമ്പോൾ 40 ശതമാനത്തോളം അധികം ആളുകൾ പൂരനഗരിയിലേക്ക് എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. മുൻ വർഷങ്ങളിൽ ഏകദേശം പത്ത് ലക്ഷത്തോളം പേർ തൃശൂർ പൂരം കൂടാൻ എത്തിയിരുന്നു.
Comments