മുംബൈ : നീണ്ട ഇടവേളയ്‌ക്ക് ശേഷം മുംബൈ ഇന്ത്യൻസിന് ആശ്വാസ വിജയം. 5 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ മുംബൈ തകർത്തത്. തുടർച്ചയായ തോൽവിക്ക് ശേഷമുള്ള മുംബൈയുടെ ആദ്യവിജയമാണിത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് രാജസ്ഥാൻ എടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത് വിജയം കുറിക്കുകയായിരുന്നു.
സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറിയാണ് മുംബൈക്ക് ആശ്വാസ ജയം സമ്മാനിച്ചത്. 39 ബോളിൽ രണ്ട് സിക്‌സറും 4 ബൗണ്ടറിയുമുൾപ്പെടെ 51 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. 30 ബോളിൽ 35 റൺസ് നേടിയ തിലക് വർമ്മയും 18 പന്തിൽ 26 റൺസെടുത്ത ഇഷാൻ കിഷനും യാദവിന് പിന്തുണ നൽകി.
ആദ്യമിറങ്ങിയ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയെ രണ്ട് റൺസിന് പുറത്താക്കി റോയൽസ് മുംബൈയെ ഞെട്ടിച്ചു . ഇഷാൻ കിഷനൊപ്പം സൂര്യകുമാർ യാദവ് ചേർന്നതോടെ സ്കോർ ഉയർന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ കിഷൻ പുറത്തായെങ്കിലും പിന്നീടെത്തിയ തിലക് വർമ്മയുമായി ചേർന്ന് സൂര്യകുമാർ യാദവ് മുംബൈ വിജയത്തിന് അടിസ്ഥാനമിടുകയായിരുന്നു.
ആദ്യം ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ മികച്ച പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും അത് അധികനേരം നീണ്ടുനിന്നില്ല. 52 ബോളിൽ 4 സിക്‌സറും 5 ബൗണ്ടറിയുമുൾപ്പെടെ 67 റൺസെടുത്ത ജോസ് ബട്‌ലർ ടീമിന് നെടുംതൂണായത്. എന്നാൽ ദേവദത്ത് പടിക്കലിനും ക്യാപ്റ്റൻ സഞ്ജു സാംസണിനും മികച്ച സ്കോർ നേടാനായില്ല. പടിക്കൽ 15 ബോളിൽ മൂന്ന് ബൗണ്ടറി ഉൾപ്പെടെ 15 റൺസ് എടുത്തപ്പോൾ, സഞ്ജു ഏഴ് ബോളിൽ 2 സിക്‌സർ ഉൾപ്പെടെ 16 റൺസ് നേടി. ദാർലി മിച്ചെലും( 20 ബോളിൽ 17 റൺസ്) രവിചന്ദർ അശ്വിനും( 9 ബോളിൽ 21 റൺസ്) ആണ് രണ്ടക്കം കടക്കാനായത്.
മുംബൈക്ക് വേണ്ടി ഋത്തിക്ക് ഷൊക്കീനും റിലേ മെറിഡിത്തും രണ്ട് വിക്കറ്റ് വീതവും, ഡാനിയൽ സാമും കുമാർ കാർത്തികേയയും ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.
Comments