തിരുവനന്തപുരം:കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് ബിഎംഎസ് . കെഎസ്ആർടിസിയുടെ വരുമാനം കെ സ്വിഫ്റ്റിനു വേണ്ടി വക മാറ്റുന്നതാണ് പ്രതിസന്ധിക്കു കാരണം. ശമ്പളം നൽകാനാണ് സർക്കാർ സഹായം തേടുന്നത് എന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്നും ബി എം എസ് ആരോപിച്ചു.
ശമ്പളം വൈകിയാൽ പണിമുടക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ബി എം എസ് വ്യക്തമാക്കി.ഏപ്രിൽ മാസത്തെ ജീവനക്കാരുടെ ശമ്പളം നൽകാൻ 65 കോടി രൂപ വേണമെന്നാണ് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് തൊഴിലാളികളെ പൊതുസമൂഹത്തിനു മുന്നിൽ പരിഹസിക്കാൻ വേണ്ടി മാത്രമാണെന്ന് ബി എം എസ് ആരോപിച്ചു.
170 കോടി രൂപ മാസം വരുമാനമുള്ള സ്ഥാപനത്തിൽ ഡീസൽ ചെലവ് കഴിച്ച് ബാക്കി തുക എന്തു ചെയ്തു എന്ന് സർക്കാരും മാനേജ്മെന്റും വ്യക്തമാക്കണം.നിലവിലെ പ്രതിസന്ധിക്ക് കാരണം കെ സ്വിഫ്റ്റാണ്. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിൽ വൻ ഗൂഢാലോചനയാണ്. സർക്കാർ കെഎസ്ആർടിസിയ്ക്ക് ക്ക് അനുവദിച്ച പ്ലാൻഫണ്ടും കെഎസ്ആർടിസിയുടെ വരുമാനവും സ്വിഫ്റ്റിനു വേണ്ടി വകമാറ്റി ചെലവഴിച്ചതാണ് ശമ്പളം മുടങ്ങുന്നതിന് ഇടയാക്കുന്നതെന്ന് ബി എം എസ് ചൂണ്ടിക്കാട്ടി
സർക്കാർ സൃഷ്ടിച്ച പ്രതിസന്ധി സർക്കാർ തന്നെ പരിഹരിക്കണം.കെഎസ്ആർടിസി വരുമാനത്തിൽ നിന്ന് ജീവനക്കാരുടെ ശമ്പളത്തിനുള്ള തുക മാറ്റിവെക്കണം. ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരെ പിരിച്ചു വിടാനാണ് സർക്കാർ ശ്രമിക്കുന്നത് . കെ സ്വിഫ്റ്റിനായി കെ എസ് ആർ ടി സി സർവ്വീസുകൾ വെട്ടിചുരുക്കുന്നത് ഇതിന്റെ ഭാഗമാണെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
പൊതുഗതാഗതത്തെ തകർക്കുന്ന സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. മെയ് ആറിന് പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും ബി എം എസ് നേതൃത്വം അറിയിച്ചു.
Comments