ഇടുക്കി : അറസ്റ്റ് ചെയ്തിട്ടും പി.സി ജോർജിനോടുള്ള കലിയടങ്ങാതെ സർക്കാർ. ജാമ്യം നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ചൊവ്വാഴ്ച അപ്പീൽ നൽകും. ജില്ലാ സെഷൻസ് കോടതിയിലാകും അപ്പീൽ നൽകുക.
വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചതിന് പിന്നാലെ തന്നെ നടപടി റദ്ദാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് സർക്കാർ കത്ത് നൽകും.
അതേസമയം, പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ് പ്രതികരിച്ചു. എപിപി ഇല്ലെങ്കിൽ ജയിലിലേക്ക് വിടാറാണ് പതിവ്. സർക്കാരിന് ഇതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഉള്ളതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് ഉപാധികളോടെയാണ് കോടതി ഇന്നലെ ജാമ്യം നൽകിയത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി പി സി ജോർജിനെതിരെ ഫോർട്ട് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി . ജാമ്യം റദ്ദാക്കണമെന്നാണ് പരാതിയിലെ ആവശ്യം.
Comments