ബെർലിൻ: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെർലിനിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു പ്രധാന ചർച്ച.
ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിലെ ഉഭയകക്ഷി ബന്ധമാണ് ഇരുനേതാക്കളും വിലയിരുത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര, സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും ചർച്ചയായതായി അദ്ദേഹത്തിന്റെ ഓഫീസ് കൂട്ടിച്ചേർത്തു.
ചർച്ചകളിലെ തീരുമാനങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇരുവരും ചർച്ച നടത്തുന്നതിന്റെയും സൗഹൃദ സംഭാഷണം നടത്തുന്നതിന്റെയും ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്.
2021 ഡിസംബറിൽ ഒലാഫ് ഷോൾസ് ജർമ്മൻ ചാൻസലറായ ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടുളള ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുളളവരും പ്രധാനമന്ത്രിക്കൊപ്പം ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ജർമ്മൻ വിദേശകാര്യമന്ത്രി അന്നാലെന ബയേർബോക്കും എസ് ജയശങ്കറും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജർമ്മൻ ചാൻസലറും പ്രധാനമന്ത്രിയും തമ്മിലുളള ചർച്ചകൾ ആരംഭിച്ചത്. അന്നാലെന ബയേർബോക്കുമായുളള ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമേ റഷ്യ-യുക്രെയ്ൻ യുദ്ധവും ഇൻഡോ പസഫിക് മേഖലയിലെ സ്ഥിതിയും ചർച്ചയായതായി എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.
ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ആദ്യഘട്ടമായിട്ടാണ് പ്രധാനമന്ത്രി ജർമ്മനിയിൽ എത്തിയത്. രാവിലെ അദ്ദേഹത്തിന് ആചാരപരമായ വരവേൽപ് നൽകിയാണ് ജർമ്മനി എതിരേറ്റത്.
Comments