കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെയാണ് പോസ്റ്ററുകൾ. മുതുക്കാട് ഖനനവുമായി ബന്ധപ്പെട്ടാണ് പോസ്റ്ററുകൾ.
മുതുകാട്ടെ ഖനനം ചെറുക്കുക സിപിഎമ്മിന്റെ നുണകൾ തിരിച്ചറിയുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉളളത്. പരിസ്ഥിതിയെ തകർക്കുന്നതും നാടിനെ തുരന്നെടുക്കുന്നതുമായ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നീക്കത്തെ ചെറുത്തുതോൽപിക്കണമെന്ന് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു.
ചെറുത്തുനിൽക്കുക, തിരിച്ചടിക്കുക, പോരാടുക, വിജയം വരിക്കുക എന്നാണ് പോസ്റ്ററിലെ ആഹ്വാനം. സിപിഐ മാവോയിസ്റ്റ് എന്ന് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. മുതുകാട് കൃഷിഭൂമിയെ സംരക്ഷിക്കുക, പയ്യാനികോട്ടയെ തുരന്നെടുക്കാൻ വരുന്ന ബെല്ലാരി റെഡ്ഡിയെ ചവിട്ടിപുറത്താക്കുക എന്നെഴുതിയ ബാനറും സമീപത്ത് കെട്ടിയിട്ടുണ്ട്. ഇതിലാണ് സിപിഎം നുണകൾ തിരിച്ചറിയണമെന്നും എഴുതിയിരിക്കുന്നത്.
തണ്ടർബോൾട്ടിനെ ഇറക്കി ഭയം സൃഷ്ടിച്ച് ജനത്തെയും വിപ്ലവകാരികളെയും ഭിന്നിപ്പിക്കാനും ലോക്കൽ പിണറായിക്ക് കാവലിരിക്കാനും സിപിഎമ്മും അവരുടെ വേട്ടനായ്ക്കളും രംഗത്തുണ്ടെന്നും ഇതിനെ ഭയപ്പെട്ട് പിൻമാറരുതെന്നും ഒരു പോസ്റ്ററിൽ പറയുന്നു.
Comments