പാരീസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർണായക കൂടിക്കാഴ്ച ഇന്ന്. ഇന്ത്യയുമായി കൂടുതൽ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹകരണം ഉറപ്പിക്കാനും വേണ്ടിയുളള ചർച്ചകൾ നടക്കും. യുക്രെയ്ൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഫ്രാൻസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രിയുടെ യൂറോപ്പ് പര്യടനവും ഇന്ന് അവസാനിക്കും.
യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വ്യാപാരം, ഊർജം, ഹരിത സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ബന്ധം വർദ്ധിപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഇരു രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹം വൻ വരവേൽപ്പാണ് മോദിക്ക് ഒരുക്കിയത്.
ഡെൻമാർക്കിലെത്തിയ നരേന്ദ്ര മോദി, ഡാനിഷ് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്‌സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡെന്മാർക്കുമായുള്ള ഇന്ത്യയുടെ ‘ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ’ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. റഷ്യ-യുക്രെയ്ൻ പ്രശ്‌നം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തണമെന്ന് കൂടിക്കാഴ്ചയിൽ ഡെൻമാർക്ക് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ജർമ്മൻ സന്ദർശനത്തിനിടെ ചാൻസലർ സ്‌കോൾസുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments