തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം പെൺസൗഹൃദമാകുന്നു. ഇത്തവണ സ്ത്രീ സൗഹൃദമായി പൂരം നടത്തണമെന്നും സുരക്ഷിത സ്ഥലം സ്ത്രീകൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൂങ്കുന്നം ഡിവിഷനിലെ കൗൺസിലർ ആതിര ജില്ലാ ഭരണകൂടത്തിന് നൽകിയ കത്താണ് ഫലം കണ്ടത്. ആതിരയുടെ നേതൃത്വത്തിൽ അപരാജിത സംഘം പൂരത്തിന് സ്ത്രീ സുരക്ഷയൊരുക്കും.
സ്ത്രീകൾ ആയതുകൊണ്ട് മാത്രം പൂരം നേരിട്ട് കാണാൻ സാധിക്കാതെ പോയവരുണ്ടെന്നും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമൊക്കെ അവർക്കും സുരക്ഷിതമായി കാണാൻ വഴിയൊരുക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും ഡിവിഷൻ കൗൺസിലർ ആതിര വ്യക്തമാക്കി. പല പ്രായോഗിക ബുദ്ധിമുട്ടുകളും സർക്കാർ ചൂണ്ടിക്കാട്ടി കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സർക്കാർ പിടിവാശി അവസാനിപ്പിച്ച് സ്ത്രീകൾക്ക് സൗകര്യമൊരുക്കാൻ തയ്യാറായതിൽ അതീവ സന്തോഷമുണ്ടെന്ന് ആതിര പ്രതികരിച്ചു. ആദ്യം മുതൽക്കെ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ പറ്റില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. ചരിത്രപരമായ തീരുമാനം സർക്കാരിനെക്കൊണ്ട് എടുപ്പിക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെയാണ് അവർ പ്രതികരണം അറിയിച്ചത്. പൂരം കാണാൻ ആഗ്രഹമുള്ള എല്ലാ പെണ്ണുങ്ങളും പോരൂ! ഇത്തവണ പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ‘ടീം അപരാജിത’ സഹായിക്കാനുണ്ടാകും. പൂരത്തിനെത്തുന്ന സ്ത്രീകളെ ശല്യപ്പെടുത്താൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് അറിയിക്കുകയാണെന്നും ആതിര ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഇത്തവണത്തെ പൂരം സ്ത്രീ സൗഹൃദമാകുമെന്നും കുടമാറ്റം അടുത്ത് നിന്ന് കാണാൻ സൗകര്യം ഒരുക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. 300 വനിത പോലീസുകാർ സുരക്ഷ ഉറപ്പിക്കാനുണ്ടാവുമെന്നും ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളെ സഹായിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ വാഹനങ്ങളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1515 ൽ വിളിച്ചാൽ പിങ്ക് പോലീസെത്തുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
















Comments