എനിക്ക് അവാർഡ് തരാൻ ഒരുത്തന്റെയും ഓശാരം വേണ്ട; മമത സർക്കാർ പ്രഖ്യാപിച്ച ആദ്യ ബംഗ്ലാ അക്കാദമി അവാർഡ് മമതയ്‌ക്ക് തന്നെ

Published by
Janam Web Desk

കൊൽക്കത്ത ; പശ്ചിമ ബംഗാൾ സർക്കാരിന്റെ ആദ്യ ബംഗ്ലാ അക്കാദമി പുരസ്‌കാരം സ്വന്തമാക്കി മുഖ്യമന്ത്രി മമത ബാനർജി. മമത ബാനർജിയുടെ ‘കബിത ബിതാൻ’ എന്ന പുസ്തകത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഇതിഹാസ കവി രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ സംഘടിപ്പിച്ച ‘കവി പ്രണം’ പരിപാടിയിലാണ് മമത ബാനർജിക്ക് സർക്കാർ പുരസ്‌കാരം സമ്മാനിച്ചത് .

മികച്ച സാഹിത്യകാരന്മാരെ അഭിനന്ദിക്കുന്നതിന് വേണ്ടി ഈ വർഷമാണ് ബംഗാൾ സർക്കാർ പുരസ്‌കാരം നൽകാൻ തുടങ്ങിയത്. സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ മികച്ച എഴുത്തുകാരുടെ സമിതിയാണ് മമതയുടെ പേര് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് മന്ത്രിമാർ പറഞ്ഞു. പരിപാടിയിൽ മമത ബാനർജി പങ്കെടുത്തിരുന്നുവെങ്കിലും അവാർഡ് ഏറ്റുവാങ്ങിയില്ല. മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് അവാർഡ് സ്വീകരിച്ചത്. മമത സ്വയം എഴുതിയ 946 കവിതകളാണ് കബിത ബിതാൻ എന്ന പുസ്തകത്തിലുള്ളത്.

എന്നാൽ ബംഗാൾ സർക്കാരിന്റെ ഈ പ്രവൃത്തിയെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പുരസ്‌കാരം സ്വയം പ്രഖ്യാപിച്ച്, സ്വന്തമായി ഏറ്റുവാങ്ങുകയാണ് മമത ബാനർജി എന്ന പരിഹാസങ്ങളാണ് ഉയരുന്നത്.

Share
Leave a Comment