കൊച്ചി : കൊച്ചി മെട്രോയുടെ പില്ലറുകൾക്കിടയിൽ നിന്ന് കഞ്ചാവ് ചെടി പിടിച്ചെടുത്തു. മറ്റ് അലങ്കാര ചെടികൾക്കൊപ്പം വളർത്തിയത് എന്ന് സംശയിക്കുന്ന കഞ്ചാവ് ചെടിയാണ് എക്സൈസ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസ് പാലാരിവട്ടത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കഞ്ചാവ് ചെടി തഴച്ച് വളർന്നു നിൽക്കുന്നത് കണ്ടെത്തുകയായിരുന്നു.
ട്രാഫിക് സിഗ്നലിന് സമീപത്ത് 516-517 പില്ലറുകൾക്കിടയിൽ ചെടികൾ നട്ട് പരിപാലിക്കാൻ കൊച്ചി മെട്രോ അനുവദിച്ച സ്ഥലത്താണ് ഇത് കണ്ടെത്തിയത്. രാജമല്ലി ചെടികൾക്കൊപ്പം നിന്നിരുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. 130 സെന്റീമീറ്ററോളം ഉയരവും 31 ശിഖരങ്ങളുമുള്ള ചെടിക്ക് ഏകദേശം നാല് മാസം പ്രായമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ആരെങ്കിലും മനപ്പൂർവ്വം കഞ്ചാവ് ചെടി വളർത്തിയതാകാം എന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെയുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കും. ചെടികൾ പരിപാലിച്ചവരിൽ നിന്നും വിവരങ്ങൾ തേടും എന്നും പോലീസ് വ്യക്തമാക്കി.
Comments