ഉദയ്പൂർ: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് പോര്. മെട്രോ കാക്കനാട് വരെ നീട്ടുന്നതിന് സംസ്ഥാനത്തെ യുഡിഎഫ് എംപിമാർ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് ഉപതിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
അടിസ്ഥാന രഹിതമായ കാര്യമാണ് കേരളത്തിലെ യുഡിഎഫ് എംപിമാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാരിന് താൽപര്യം കമ്മീഷൻ റെയിലിലാണ്. മുഖ്യമന്ത്രിയുടെ ചുറ്റുമുളള ഉപജാപക വൃന്ദം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
യുഡിഎഫ് എംപിമാർ ചെറുവിരൽ അനക്കിയില്ലെന്നാണ് പറഞ്ഞത്. 2015 ൽ ഉമ്മൻചാണ്ടി സർക്കാർ ഇത് തീരുമാനിച്ചതാണ്. എന്നാൽ ആറ് വർഷമായി മുഖ്യമന്ത്രിയും എൽഡിഎഫ് സർക്കാരും ഒന്നും ചെയ്തിട്ടില്ല.
ഹൈബി ഈഡൻ രണ്ട് തവണ ഇത് പാർലമെന്റിൽ ഉന്നയിച്ചു. അർബൻ ഡെവലപ്‌മെന്റ് കമ്മറ്റിയിലും ഇത് ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് കേരളത്തിലെ എംപിമാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെന്നും സർക്കാരിന് മെട്രോ തൃക്കാക്കരയിലേക്ക് നീട്ടുന്നതിലല്ല കെ റെയിലിലാണ് താൽപര്യമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മെട്രോയുടെ വികസനവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ വീണ്ടും സജീവമായത്.
Comments