ഉദയ്പൂർ: കേരളത്തിൽ ക്രമസമാധാനം ഭദ്രമാണെന്ന് മുഖ്യമന്ത്രിയല്ലാതെ ആരെങ്കിലും പറയുമോയെന്ന് ്പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.
കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. രാഷ്‌ട്രീയ കൊലപാതകങ്ങളും വർഗീയ കൊലപാതകങ്ങളും വർദ്ധിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാ കോറിഡോർ ആണ്. ഏറ്റവും കൂടുതൽ മയക്കുമരുന്ന് മാഫിയ ഉളള സ്ഥലമായി കേരളം മാറി. ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് സിപിഎം ആണ്. അവരുടെ ലോക്കൽ ഗാർഡിയൻസ് ആണ് സിപിഎം. ഈ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിയുന്നില്ല. പിന്നെങ്ങനെയാണ് ക്രമസമാധാനം നേരെയാണെന്ന് പറയുന്നതെന്ന് വി.ഡി സതീശൻ പരിഹസിച്ചു.
കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെവി തോമസ് എൽഡിഎഫ് കൺവെൻഷനിൽ പോയത്. അദ്ദേഹം പോയതുകൊണ്ട് കൂടുതൽ വോട്ടുകൾ യുഡിഎഫിന് കിട്ടും. എൽഡിഎഫിന്റെ നെഗറ്റീവ് വോട്ടുകൾ യുഡിഎഫിന് അനുകൂലമാകുമെന്നും വി.ഡി സതീശൻ പറഞ്ഞു.
പിടി മരിച്ചതുകൊണ്ട് തൃക്കാക്കരയിലെ ജനങ്ങൾക്ക് തെറ്റു തിരുത്താൻ സൗഭാഗ്യം കിട്ടിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ദൗർഭാഗ്യകരമാണ്. ഒരിക്കലും ആ സ്ഥാനത്തിരുന്ന് നടത്താൻ പാടില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും വി.ഡി സതീശൻ വിമർശിച്ചു. അദ്ദേഹം ഇത്തരം പരാമർശങ്ങൾക്ക് എക്‌സ്‌പേർട്ടാണെന്ന് പരനാറി പ്രയോഗവും കുലംകുത്തി പ്രയോഗവും ഉദാഹരണമായി ചൂണ്ടിക്കാട്ടി വി.ഡി സതീശൻ പറഞ്ഞു.
നിയമസഭയിൽ പിടി തോമസ് സർക്കാരിന്റെ നയങ്ങളെ ആക്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും വിമർശിച്ചിട്ടുണ്ട്. അത് മനസിൽ വെച്ചാണോ മുഖ്യമന്ത്രി ഇത്തരം ഒരു പരാമർശം നടത്തിയതെന്നും വി.ഡി സതീശൻ ചോദിച്ചു.
Comments