ന്യൂഡൽഹി: മൂന്നാം ഊഴത്തിന് തയ്യാറാണെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം വിജയത്തിലെത്തിക്കാതെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്ച ഗുജറാത്തിലെ ഭറൂച്ചിൽ ഉത്കർഷ് സമാരോഹ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും പേരെടുത്ത് പറയാതെയുള്ളതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
‘ഒരിക്കൽ ഞാൻ വളരെ അധികം ബഹുമാനിക്കുന്ന പ്രതിപക്ഷത്തിലെ ഒരു മുതിർന്ന നേതാവ് എന്നോട് ഒരു കാര്യം ചോദിച്ചു. രണ്ട് വട്ടം പ്രധാനമന്ത്രിയായില്ലേ, ഇനിയെന്ത് വേണമെന്നാണ് അദ്ദേഹം ചോദിച്ചത്. കേന്ദ്രസർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂർത്തിയാക്കാതെ വിശ്രമമില്ലെന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം വിചാരിച്ചു രണ്ട് തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്.
എന്നാൽ അദ്ദേഹത്തിന് അറിയില്ല ഈ മോദിയെ ഗുജറാത്തിലെ മണ്ണാണ് രൂപപ്പെടുത്തിയതെന്ന്. എനിക്ക് ഇപ്പോൾ വിശ്രമിച്ചാൽ പോരാ, സംഭവിച്ചതെല്ലാം നല്ലതാണെന്ന്… ഇല്ല… എന്റെ സ്വപ്നം പൂർത്തിയായിട്ടില്ല… ലക്ഷ്യം 100 ശതമാനം ലക്ഷ്യം പൂർത്തിയാക്കണം. 2014ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പകുതിയോളം ജനങ്ങൾ ശൗചാലയ സൗകര്യങ്ങൾ, വൈദ്യുതി, വാക്‌സിനേഷൻ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ നിന്നൊക്കെ അകലെയായിരുന്നു.
ഒരു തരത്തിൽ പറഞ്ഞാൽ അവർക്ക് അതൊക്കെ നിഷേധിക്കപ്പെട്ടിരുന്നു. ഈ വർഷങ്ങളിൽ നമ്മുടെ പ്രയത്‌നം കൊണ്ട് പല പദ്ധതികളും 100 ശതമാനം വിജയം കണ്ടു. ഇവയൊക്കെ വളരെ ബുദ്ധിമുട്ടേറിയ കാര്യങ്ങളായിരുന്നു. വിഷയത്തിൽ തൊടാൻ പോലും രാഷ്‌ട്രീയകാർക്ക് പേടിയായിരുന്നു. എന്നാൽ ഞാനിവിടെ രാഷ്‌ട്രീയം കളിക്കാൻ വന്നതല്ല. രാജ്യത്തിലെ പൗരന്മാരെ സേവിക്കാൻ വന്നതാണ്’ പ്രധാനമന്ത്രി പറഞ്ഞു.
Comments