തിരുവനന്തപുരം: ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ ഭാഗമായാണ് യോഗം. മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് അടിയന്തിര യോഗം വിളിച്ചത്.
മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. വൈകീട്ട് ആറുമണിക്ക് ഓൺലൈനായാണ് യോഗം നടക്കുക. റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച എട്ട് ജില്ലകളിലെ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും.
എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് മുതൽ അതിശക്തിമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Comments