ന്യൂഡൽഹി: നയതന്ത്രജ്ഞൻ നവീൻ ശ്രീവാസ്തവ നേപ്പാളിലെ പുതിയ ഇന്ത്യൻ സ്ഥാനപതി. നവീൻ ശ്രീവാസ്തവയെ സ്ഥാനപതിയാക്കി കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. 1993 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് അദ്ദേഹം.
നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന വിനയ് മോഹൻ കവാത്രയെ രണ്ട് ആഴ്ച മുൻപ് വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതോടെയാണ് നേപ്പാൾ സ്ഥാനപതി സ്ഥാനത്തേക്ക് ശ്രീവാസ്തവയ്ക്ക് വഴി തെളിഞ്ഞത്. നിലവിൽ വിദേശകാര്യ അഡീഷണൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. സ്ഥാനപതിയായി അദ്ദേഹം ഉടൻ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബുദ്ധപൂർണിമയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിൽ ഇന്ത്യ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്. ഇന്ത്യയും നേപ്പാളും തമ്മിലുളള ബന്ധം ശ്രീവാസ്തവയിലൂടെ ശക്തമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
നേപ്പാളുമായുണ്ടായ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയ പ്രതിനിധി സംഘത്തിൽ ശ്രീവാസ്തവയും അംഗമായിരുന്നു. നേപ്പാളിനെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കാൻ ഈ അനുഭവ സമ്പത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Comments