തിരുവനന്തപുരം: ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ ബീം തകർന്നുവീണ സംഭവത്തിൽ ഊരാളുങ്കൽ സൊസൈറ്റിയെ വെളളപൂശാൻ ശ്രമിച്ച് കിഫ്ബി. ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ് അപകടകാരണമെന്ന് വിശദീകരിക്കുന്ന കിഫ്ബി ഗുണനിലവാര പ്രശ്നമല്ല തൊഴിലാളികളുടെ വീഴ്ചയാണ് അപകടകാരണമെന്നും പറയുന്നു.
സൈറ്റിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗർഡറുകളുടെ നിർമാണം.
താൽക്കാലിക താങ്ങും ട്രസും നൽകി പിയർ ക്യാപിന്റെ മധ്യത്തിലായാണ് ഗർഡറുകൾ നിർമിച്ചത്. തൊണ്ണൂറ് മെട്രിക് ടൺ ആണ് ഓരോ ഗർഡറിന്റെയും ഏകദേശ ഭാരം. ആദ്യഘട്ട സ്ട്രെസിങ്ങിനു ശേഷം ഓരോ ഗർഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും.
കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗർഡറുകളെ 100-150മെട്രിക് ടൺ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയർത്തും. മെയ് 16 ന് മൂന്നാം ഗർഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കുകൾ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങൾ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്.
ആദ്യ ഘട്ടത്തിലെ താഴ്ത്തൽ പൂർത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റൺ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടർന്ന് മൂന്നാം ഗർഡർ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായതെന്ന് കിഫ്ബി വിശദീകരിക്കുന്നു. ഹൈഡ്രോളിക് ജാക്കിന്റെ പ്രവർത്തനത്തിലോ പ്രവർത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തിൽ കലാശിച്ചത്. അല്ലാതെ ഗർഡറുകളുടെ ക്യൂബ് സ്ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണെന്ന് കിഫ്ബി പറയുന്നു.
നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തിൽ മനസിലായിട്ടുള്ളതെന്നും വിശദീകരണത്തിൽ പറയുന്നു. സംഭവം പൊതുമരാമത്ത് വിജിലൻസ് വിഭാഗം പരിശോധിക്കുന്നതിനിടയിലാണ് കിഫ്ബിയുടെ വിശദീകരണം.
2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.
Comments