ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തൻ ടാറ്റ അവതരിപ്പിച്ച നാനോ കാറിനെ നിർത്താൻ ടാറ്റ മോട്ടോർസ് തീരുമാനിച്ചത് 2018 ലായിരുന്നു. ആളുകളുടെ വാഹന സങ്കൽപ്പം മാറിയതോടെ നാനോയും നിരത്തൊഴിയുകയായിരുന്നു. ഇന്ത്യൻ വാഹന ലോകത്തെ വിപ്ലവം തന്നെയായിരുന്നു ഈ കുഞ്ഞൻ കാർ. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാർ എന്ന ആശയത്തിലാണ് നാനോ സാധാരണകാർക്കിടയിൽ ഒരു വിപ്ലവമായി മാറിയത്.
ഇപ്പോഴിതാ നാനോ കാറിൽ താജ് ഹോട്ടലിൽ വന്നിറങ്ങുന്ന രത്തൻ ടാറ്റയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുരക്ഷാ അകമ്പടികളില്ലാതെ നാനോയിൽ ഇരുന്ന് പോകുന്ന അദ്ദേഹത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഹോട്ടലിലെ ജീവനക്കാരനായ ആരോ പകർത്തി സോഷ്യൽ മീഡിയയിലിട്ട വീഡിയോയാണിത്.
വീഡിയോ വൈറലായതോടെ രത്തൻ ടാറ്റയെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. രത്തൻ ടാറ്റയിൽ നിന്നും നിരവധി കാര്യങ്ങൾ എല്ലാവർക്കും പഠിക്കാനുണ്ടെന്നാണ് കൂടുതൽ പേരും വീഡിയോയ്ക്ക് നൽകിയ കമന്റുകൾ. ലളിതമായ ഇടപെടൽ കൊണ്ട് നേരത്തേയും അദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടിയിട്ടുണ്ട്.
Comments