കോഴിക്കോട്: കെെക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കി. എറണാകുളം കൊമ്പനാട് വില്ലേജ് മുൻ അസിസ്റ്റന്റ് കെസി എൽദോയ്ക്കെതിരെയാണ് നടപടി. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എം ജയതിലക് ആണ് ഉത്തരവിട്ടത്.
ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ 600 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് എൽദോയെ പിടികൂടിയത്. ഈ കേസിൽ എൽദോയുടെ പെരുമാറ്റ ദൂഷ്യം കോടതി കണ്ടെത്തിയിരുന്നു.വിജിലൻസ് കോടതി രണ്ട് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചിരുന്നു.
എന്നാൽ സർക്കാർ വിൽക്കാൻ ഏൽപ്പിച്ച ലോട്ടറിയുടെ തുകയാണ് വിജിലൻസ് പിടിച്ചെടുത്തതെന്നായിരുന്നു എൽദോ നൽകിയ വിശദീകരണം. എന്നാൽ കലക്ടർ നടത്തിയ അന്വേഷണത്തിൽ 20 ലോട്ടറി ടിക്കറ്റുകൾ വിറ്റതിന്റെ തുകയും വിൽക്കാത്ത ടിക്കറ്റും താലൂക്ക് ഓഫീസിൽ തിരിച്ച് നൽകിയതായി കണ്ടെത്തിയിരുന്നു.
ഗുരുതര വീഴ്ചയാണ് എൽദോയുടെ ഭാഗത്ത് നിന്ന് ഉണ്ടയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കലക്ടർ വ്യക്തമാക്കിയിരുന്നു, സർവ്വീസിൽ നിന്ന് നീക്കം ചെയ്യുന്നതിന് പി.എസ്.സിയുടെ ഉപദേശവും റവന്യൂ വകുപ്പ് തേടിയിരുന്നു. പി.എസ്.സിയുടെ ഉപദേശപ്രകാരമാണ് എൽദോയ്ക്കെതിരെയുള്ള നടപടി.
Comments