തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങലിൽ പ്രതിഷേധം ശക്തമാകുന്നു. ശമ്പള പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിൽ കെഎസ്ടി എംപ്ലോയീസ് സംഘ് ഇന്ന് മന്ത്രി മന്ദിരങ്ങളിലേക്ക് മാർച്ച് നടത്തും. ശമ്പള വിതരണത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ സമരം ശക്തമാക്കാനാണ് തീരുമാനം.
ഏപ്രിൽ മാസത്തെ ശമ്പളം മെയ് മൂന്നാംവാരത്തിലേക്ക് എത്തിയിട്ടും നൽകാത്തതിലുള്ള ജീവനക്കാരുടെ പ്രതിഷേധം ശക്തമാവുകയാണ്. തുടർച്ചയായി ശമ്പളം നൽകാതെ, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെയാണ് ഇന്ന് കെ എസ് ആർ ടി സി ജീവനക്കാരും, കുടുംബാംഗങ്ങളും മന്ത്രിമന്ദിരങ്ങളിലേക്ക് ശക്തമായ തൊഴിലാളി പങ്കാളിത്തത്തോടു കൂടി പട്ടിണിമാർച്ച് നടത്തുന്നത്.
പ്രതിഷേധം ശക്തമാക്കാനാണ് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള കെഎസ്ടി എംപ്ലോയീസ് സംഘിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചുരുക്കം ചില ജീവനക്കാർക്ക് ശമ്പളം നൽകി തൊഴിലാളികളെ രണ്ടു തട്ടിലാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നാണ് എംപ്ലോയീസ് സംഘിന്റെ ആരോപണം. ഇടത് അനുകൂലികളെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നതായാണ് ആക്ഷേപം.
കെഎസ്ആർടിസിയിലെ യിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാകുവരെ സമരം ശക്തമാക്കുകയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. വിഷുവിനും, ഓണത്തിനും ഈസ്റ്ററിനും, ഈദിനും പട്ടിണി കിടക്കാൻ വിധിക്കപ്പെടേണ്ടവരല്ല തങ്ങളെന്നും ശമ്പളം അടിയന്തിരമായി നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കെഎസ്ആർടിസി ശമ്പള വിതരണത്തിനായി എക്കാലവും സർക്കാരിന് ധനസഹായം നൽകാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്നലെയും ആവർത്തിച്ചിരുന്നു.സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാർക്ക് ശമ്പളം നൽകാത്തതെന്നും പെട്ടിയിൽ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
Comments