കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചതോടെ സംസ്ഥാന ഖജനാവിന് മാസം തോറും അധികമായി ലഭിച്ചിരുന്ന 20 കോടിയോളം രൂപയുടെ ഇടിവുണ്ടാകും. കടത്തിൽ മുങ്ങി സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന പിണറായി സർക്കാരിന് ഫലത്തിൽ ഇരുട്ടടി ആയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇന്ധന വില വർധിക്കുമ്പാൾ ആനുപാതികമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന തുകയിലാണ് കുറവ് വരുന്നത്. ഫലത്തിൽ പിണറായി സർക്കാരിന് ഇടി തീ ആയിരിക്കുകയാണ് മോദി സർക്കാരിന്റെ നടപടി.
നവംബറിൽ കേന്ദ്രസർക്കാർ ഡീസലിന് 10 രൂപയും പെട്രോളിന് അഞ്ച് രൂപയും നികുതി കുറച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മാതൃകയിൽ നികുതി ഇളവ് വരുത്തിയിരുന്നു. എന്നാൽ കേരളം അടക്കമുളള സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കാൻ തയ്യാറായില്ല. അതിനാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കേരളവും തമ്മിൽ ഇന്ധനവിലയിൽ വലിയ അന്തരമുണ്ടായിട്ടുണ്ട്.
കർണ്ണാടകയിൽ പെട്രോളിന് കേരളവുമായി താരതമ്യപ്പെടുത്തുബോൾ 6 രൂപയും ഡീസലിന് എട്ട് രൂപയോളവും കുറവുണ്ട്. മാഹിയിൽ തൊട്ടടുത്തുളള തലശ്ശേരിയേക്കാൾ ഡീസലിന് 13 രൂപയും പെട്രോളിന് 10 രൂപയും കുറവുണ്ട്. ഇന്ധനവിലയിൽ സംസ്ഥാന വാറ്റ് കുറച്ചാൽ മലയാളികൾക്ക് ഇനിയും വിലകുറവിൽ ഇന്ധനം കിട്ടുന്ന അവസ്ഥയുണ്ടാകും. എന്നാൽ കുത്തുപാളയെടുത്ത് നിൽക്കുന്ന സംസഥാന സർക്കാർ അതിന് തയ്യാറാകാനുളള സാഹചര്യം കുറവാണ്.
ദീപാവലി സമയത്താണ് കഴിഞ്ഞ തവണ കേന്ദ്ര സർക്കാർ നികുതി കുറച്ചത്. ദീപാവലി സമ്മാനം എന്നാണ് കേന്ദ്രസർക്കാർ ഈ നടപടിയെ വിശേഷിപ്പിച്ചത്. സംസ്ഥാനങ്ങളോട് നികുതി കുറയ്‌ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടും ഇന്ധനവിലയിന്മലുളള വാറ്റിൽ കുറവ് വരുത്താനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
ഇന്ധനവില പെട്രോളിയം കമ്പനികൾ വർധിപ്പിക്കുമ്പാൾ യഥാർഥത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമാണ്. കാരണം സംസ്ഥാന നികുതിയിലും അതിന് ആനുപാതികമായി വർധനവുണ്ടാകും. അത് മാസം 20 കോടിയോളം രൂപ വരും. ഖജനാവിലേക്ക് വന്നിരുന്ന ഈ അധികവരുമാനമാണ് സംസ്ഥാന സർക്കാരിന് നഷ്ടമാകുക. പ്രതിസന്ധിയിൽ നിന്ന് കൂടുതൽ പ്രതിസന്ധിയിലേക്ക് മുന്നേറുന്ന പിണറായി സർക്കാരിന് ഇരുട്ടടി ആയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ആശ്വാസ നടപടി.
Comments