ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ധനത്തിനുള്ള കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറച്ചതോടെയാണ് വില കുറഞ്ഞത്. ഇതോടെ പെട്രോളിനും ഡീസലിനും യഥാക്രമം 8 രൂപ, 6 രൂപ എന്നിങ്ങനെ കുറഞ്ഞു. തൽഫലമായി വിപണിയിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും വില കുറയുമെന്നാണ് വിലയിരുത്തൽ.
ഇന്ധന വിലയിൽ വരുന്ന വ്യത്യാസങ്ങൾ നിരവധി മേഖലകളിലാണ് മാറ്റങ്ങൾ സൃഷ്ടിക്കുക. ഗതാഗത ചെലവ് കുറയുന്നതോടെ പച്ചക്കറികൾക്കും പഴങ്ങൾക്കും വിലയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവയും പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയിൽ ഇടനിലക്കാരെ കുറയ്‌ക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇറക്കുമതി കൂടുതലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിലാണ് ഇടനിലക്കാരെ പരമാവധി കുറയ്‌ക്കുന്നതെന്ന് നിർമല സീതാരാമൻ അറിയിച്ചിരുന്നു. ഇതോടെ ഉൽപ്പന്നങ്ങളുടെ അന്തിമ വിലയിൽ കുറവ് വരുമെന്നും ധനമന്ത്രി അറിയിച്ചു.
രാജ്യത്തെ പണപ്പെരുപ്പം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ നീക്കം. ഇന്ധന വില കുറച്ചത് കൂടാതെ പാചകവാതകത്തിന് 200 രൂപ സബ്‌സിഡിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് സമാനമായി ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവയും കുറയും. ഈ മേഖലയിൽ കയറ്റുമതിക്കും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ് നിർമാണ മേഖലയിൽ സിമന്റിന്റെ ലഭ്യത ഉറപ്പാക്കാനും വില കുറയ്‌ക്കാനും കേന്ദ്രം ഇടപെടുമെന്നും മന്ത്രി അറിയിച്ചു. സിമന്റ് മേഖലയിൽ ചരക്ക് ഗതാഗതം സുഗമമാക്കാൻ ഇടപെടുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Comments