മുംബൈ: ജയിക്കേണ്ട മത്സരത്തിൽ പരാജയപ്പെട്ട് ഐപിഎല്ലിൽ പ്ലേഓഫിൽ കടക്കാനാവാതെ ഡൽഹി ക്യാപിറ്റൽസ്. നിർണ്ണായക മത്സരത്തിൽ 5 വിക്കറ്റിന് ഡൽഹി മുംബൈ ഇന്ത്യൻസിനോട് തോറ്റു. ഡൽഹിയുടെ പരാജയത്തോടെ ബാംഗ്ലൂർ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുളള മുംബൈ നേരത്തെ പുറത്തായിരുന്നു. അഞ്ച് പന്തുകൾ ബാക്കി നിൽക്കയാണ് മുംബൈയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഡൽഹി നിരയിൽ ആരും അർധസെഞ്ച്വറി നേടിയില്ല. റോവ്മൻ പവൽ(43) ആണ് ടോപ്‌സ്‌കോറർ. ക്യാപ്റ്റൻ ഋഷഭ് പന്ത്(39), പ്രിത്വി ഷാ(24), സർഫറാസ് ഖാൻ(10), അക്ഷർ പട്ടേൽ(19),ഡേവിഡ് വാർണർ(5),മിച്ചൽ മാർഷ്(0), ഷർദ്ദുൽ താക്കൂർ(4), കുൽദീപ് യാദവ്(1) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. ഡൽഹിയ്‌ക്ക് പ്ലേഓഫ് കളിക്കാൻ വിജയം അനിവാര്യമായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്‌ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ രോഹിത്ശർമ്മ(2) വേഗത്തിൽ പുറത്തായത് മുംബൈയെ പ്രതിരോധത്തിലാക്കി. ഇഷാന്ത് കിഷൻ(48), ഡെവാൾഡ് ബ്രാവിസ്(37) എന്നിവർ ചേർന്ന് സ്‌കോർബോർഡ് ചലിപ്പിച്ചു. ഇരുവരുടെയും പുറത്താകൽ മുംബൈയെ പ്രതിരോധത്തിലാക്കി. എന്നാൽ ആഞ്ഞടിച്ച ടിം ഡേവിഡ് 11 പന്തുകളിൽ 34 റൺസ് എടുത്തു. നാല് സിക്‌സറുകളും രണ്ട് ബൗണ്ടറിയും നേടി. തിലക് വർമ്മ(21),രമൺദീപ് സിങ്(13) എന്നിങ്ങനെയാണ് മറ്റുളളവരുടെ പ്രകടനം. ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്, ലക്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവരാണ് പ്ലേഓഫിൽ കയറിയ മറ്റു ടീമുകൾ.
Comments