തിരുവനന്തപുരം: പിതാവ് വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ വീട് അടിച്ചു തകർത്ത് മകൻ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.
കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച് തകർത്തത്. തുടർന്ന് മകൻ സുനിൽകുമാറിനും സുഹൃത്തുക്കൾക്കുമെതിരെ മനോഹരൻ പരാതി നൽകുകയായിരുന്നു. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും വസ്ത്രങ്ങളും നാടൻ കോഴികളും മോഷ്ടിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്.
45,000 രൂപ വീട്ടിൽ നിന്ന് അപഹരിച്ചതായും മോഹനൻ പരാതിയിൽ ആരോപിക്കുന്നു. നാളുകളായി ഒറ്റയ്ക്ക് വീട്ടിൽ താമസിച്ചിരുന്ന മോഹനൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ വിരോധത്തിൽ മകൻ ആക്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
മോഹനന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. മക്കൾക്ക് പാരമ്പര്യ അവകാശമുള്ള സ്വത്തുക്കളെല്ലാം വീതിച്ചു നൽകി. ഇപ്പോൾ ആക്രമിക്കപ്പെട്ട വീട് മോഹനൻ അധ്വാനിച്ച് പണിതുണ്ടാക്കിയതാണ്. ഇതിനിടെ പുനർവിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് മകനും സുഹൃത്തുക്കളായ നാല് പേരും ചേർന്ന് അക്രമം അഴിച്ചുവിട്ടതെന്ന് മോഹനൻ പരാതിയിൽ പറയുന്നു.
സംഭവത്തിൽ കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments