തൃശൂർ: കോൺഗ്രസും സിപിഐയും ഉൾപ്പെടെയുളള രാഷ്‌ട്രീയ പാർട്ടികളിൽ വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന നേതാക്കൾ കുടുംബസമേതം ബിജെപിയിൽ. തൃശൂരിൽ നടന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളം എൻഡിഎയ്ക്ക് ബാലികേറാമലയല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
കെ. കരുണാകരന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി മോഹനൻ ഉൾപ്പെടെയുളളവരാണ് ബിജെപിയിലെത്തിയത്. യുഡിഎഫിന്റെ മണ്ഡലം ചെയർമാനും ഐഎൻടിയുസിയുടെ ജില്ലാ ജനറൽ സെക്രട്ടറിയും ഒല്ലൂർ മേഖലാ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായ അനിൽ, സി.പി.ഐ നേതാവും എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയും മൾട്ടിപർപ്പസ് ബാങ്ക് ഡയറക്ടറുമായ സുനിൽ, നടത്തറ മുൻ പഞ്ചായത്ത് പ്രസിഡൻറും ഡിസിസി അംഗവുമായ സജിത ബാബുരാജ്, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് നന്ദൻ തുടങ്ങിയവരാണ് ബിജെപിയിൽ എത്തിയത്.
നിരവധി വർഷങ്ങളായി വിവിധ പാർട്ടികളുടെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച പരിചയ സമ്പന്നർ വരാൻ പോകുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയ്‌ക്ക് മുതൽക്കൂട്ടാവുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ പറഞ്ഞു. നേതാക്കൾക്കും പാർട്ടിയുടെ വളർച്ചയ്‌ക്കും വേണ്ടി വെളളം കോരിയതും വിറക് വെട്ടിയതും പോസ്റ്റർ ഒട്ടിച്ചതും ഇവരാണ്. അവരെ ചവിട്ടിക്കയറിയാണ് പലരും മന്ത്രിമന്ദിരങ്ങളിൽ ഇരിക്കുന്നത്. അവരാണ് ആ പാരമ്പര്യം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയതെന്ന് അനീഷ് കുമാർ ചൂണ്ടിക്കാട്ടി.

പുതിയതായി എത്തിയവരെ കെ. സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരളം എൻഡിഎയ്‌ക്ക് ബാലികേറാമലയല്ലെന്നതിന്റെ സാക്ഷ്യമാണ് തൃശൂർ ജില്ലയിൽ കോൺഗ്രസ്, ഇടതു പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുളള നേതാക്കളുടെയും പ്രവർത്തകരുടെയും വരവെന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments