ക്വാഡ് സഖ്യ യോഗം: പ്രതിഷേധവുമായി ചൈന ; ഇന്ത്യാ-പസഫിക് തന്ത്രങ്ങൾ ചൈനയെ ലക്ഷ്യം വെച്ചെന്ന് വാങ്ക് യീ; പ്രസ്താവന പാകിസ്താനുമായി ചേർന്ന്

Published by
Janam Web Desk

ഗുവാൻഷൂ: ക്വാഡ് സഖ്യത്തിനെതിരെ പതിവു വിമർശനങ്ങളുമായി വീണ്ടും ചൈന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവും ടോക്കിയോവിലെ ക്വാഡ് സഖ്യത്തിന്റെ നിർണ്ണായക യോഗവുമാണ് ചൈനയെ ചൊടിപ്പിക്കുന്നത്. ഇന്ത്യാ-പസഫിക് തന്ത്രങ്ങൾ അമേരിക്കയുടേതാണ്. തങ്ങളെ ലക്ഷ്യംവയ്ച്ചുള്ള അന്താരാഷ്‌ട്ര ഗൂഢാലോച നയിൽ ഇന്ത്യയെ പങ്കാളിയാക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ്ക് യീ ആരോപിച്ചു.

പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അമേരിക്കയേയും ഇന്ത്യയേയും ചൈന വിമർശിച്ചത്. ഇന്ത്യാ-പസഫിക് ക്വാഡ് സഖ്യം ചൈനയുടെ അഖണ്ഡതയ്‌ക്ക് ഭീഷണിയാണ്. ക്വാഡ് സഖ്യത്തിന്റെ ഇടപെടലുകൾ അതീവ ജാഗ്രതയോടെയാണ് ചൈന നിരീക്ഷിക്കുന്നത്. ആഗോളതലത്തിലെ സമാധാന ശ്രമങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുന്ന തരത്തിലേക്കാണ് അമേരിക്കൻ കൂട്ടുകെട്ട് നീങ്ങുന്നതെന്നും വാങ്ക് യീ പറഞ്ഞു.

പാകിസ്താനിൽ അതീവ ഗുരുതരമായ ഭീകരാക്രമണങ്ങളും അതുണ്ടാക്കുന്ന ആഭ്യന്തര സുരക്ഷാപ്രശ്‌നവും കാരണം ഉദ്യോഗസ്ഥരെ മുഴുവൻ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്ന ചൈനയെ അനുനയിപ്പിക്കാനാണ് ബിലാവൽ ചൈനയിലെത്തിയത്. ഒപ്പം സാമ്പത്തിക ഇടനാഴി പദ്ധതി പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി കാരണം ചൈന നിർത്തി വച്ചിരിക്കുന്നതും പുനരാരംഭിക്കാനാണ് ബിലാവൽ പരിശ്രമിക്കുന്നത്.

Share
Leave a Comment