ശ്രീനഗർ: കശ്മീരിൽ മൂന്ന് ലഷ്‌കർ ഭീകരരെക്കൂടി സുരക്ഷാസേന പിടികൂടി. ബാരാമുളളയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. രാഷ്‌ട്രീയ ബന്ധമുളള സർപഞ്ചുകളെ വകവരുത്താനുളള ദൗത്യത്തിലായിരുന്നു ഇവരെന്ന് പോലീസ് വെളിപ്പെടുത്തി.
ഇതിന്റെ ഭാഗമായി ബാരാമുളളയിലെ പത്താനിൽ സർപഞ്ചിനെ വധിക്കുകയും ചെയ്തു. ഏപ്രിൽ 15 നാണ് ഗോഷ്ബുഗ് സർപഞ്ച് മൻസൂർ അഹമ്മദ് ബാംഗൂവിനെ കൊലപ്പെടുത്തിയത്. ഗോഷ്ബുഗ് പഠാൻ നിവാസികളായ നൂർ മൊഹമ്മദ് യാട്ടു, മൊഹമ്മദ് റഫീഖ് പരെ, ആഷിക് ഹുസൈൻ പരെ എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
സർപഞ്ചിനെ കൊന്നതിൽ ഇവരുടെ പങ്കിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവർക്കായി തിരച്ചിൽ നടത്തിയതെന്ന് ബാരാമുളള എസ്എസ്പി റയീസ് അഹമ്മദ് ഭട്ട് പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുളള ലഷ്‌കർ ഭീകരൻ മൊഹമ്മദ് അഫ്‌സൽ ലോണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി മൂവരും സമ്മതിച്ചെന്നും പോലീസ് വ്യക്തമാക്കി.
അഫ്‌സൽ ലോണിൽ നിന്നാണ് ഭീകര പ്രവർത്തനത്തിന് പ്രചോദനം ലഭിച്ചിരുന്നത്. ഓരോ തവണ കൂടിക്കാഴ്ച നടത്തുമ്പോഴും ഭീകരാക്രമണ ലക്ഷ്യങ്ങളെക്കുറിച്ചായിരുന്നു ചർച്ചകളെന്നും പോലീസ് വെളിപ്പെടുത്തി. ആക്രമണം നടത്താനുളള തോക്കും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും നൽകിയതും അഫ്‌സൽ ലോൺ ആയിരുന്നു. രാഷ്‌ട്രീയ ബന്ധമുളള ആളുകളെ ലക്ഷ്യമിടാനായിരുന്നു ഇവരുടെ തീരുമാനമെന്നും പോലീസ് വെളിപ്പെടുത്തി.
എന്നാൽ പൽഹാലൻ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് ലോണും മൂന്ന് അനുയായികളും പിടിയിലായതോടെ ഇവരുടെ ദൗത്യത്തിന് കാലതാമസം നേരിടുകയായിരുന്നു. എന്നാൽ ഇതിന് ശേഷം പാകിസ്താനിൽ പരിശീലനം നേടി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഉമർ ലോൺ, ഗുൽസർ ഗാനി എന്നീ ഭീകരർ മൂവരെയും സമീപിച്ച് നേരത്തെ ഏൽപിച്ച ദൗത്യത്തെക്കുറിച്ചും അതിന്റെ പുരോഗതിയെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഇതോടെയാണ് സംഘം വീണ്ടും സജീവമായതെന്ന് പോലീസ് പറഞ്ഞു.
Comments