തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി ജോർജ് ബുധനാഴ്ച രാത്രി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രിയിൽ തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യാഴാഴ്ച രാവിലെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് പി.ഗോപിനാഥാണ് ജാമ്യഹർജി പരിഗണിക്കുന്നത്.
വെർടിഗോ അസുഖമുണ്ടെന്നും ശ്വസനോപകരണങ്ങളുടെ സഹായത്തോടെയാണ് രാത്രി ഉറങ്ങുന്നതെന്നും അതിനാൽ അടിയന്തിരമായി രാത്രി തന്നെ ഹർജി പരിഗണിക്കമെന്നുമായിരുന്നു പി.സി ജോർജിന്റെ ആവശ്യം.
ഇന്ന് രാവിലെ ഏഴ് മണിയോടെ പിസി ജോർജ്ജിനെ മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിക്കുമെന്നാണ് വിവരം. അതുവരെ തിരുവനന്തപുരം എആർ ക്യാമ്പിലാണ് അദ്ദേഹം തുടരുക.
ഹിന്ദുമഹാസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ജാമ്യം റദ്ദാക്കിയതോടെ ബുധനാഴ്ചയാണ് പി.സി ജോർജ്ജിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യം റദ്ദാക്കിയത്. തുടർന്ന് ജോർജ്ജ് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ജാമ്യ ഹർജി പരിഗണിക്കുന്നത്.
അതേസമയം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ഇടക്കാല ജാമ്യത്തിൽ കഴിയുകയാണ് പി.സി ജോർജ്ജ്.
Comments