കൊല്ലം : കൊല്ലം ബീച്ചിലെ അനധികൃത കച്ചവടങ്ങൾ പൊളിച്ച് നീക്കി കോർപ്പറേഷൻ. ബീച്ച് കയ്യേറി സ്ഥാപിച്ച തട്ടുകടകളും ഇറക്കുകളും താത്ക്കാലിക ഷെഡ്ഡുകളും പോലീസിന്റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഇതിനെതിരെ കച്ചവടക്കാർ പ്രതിഷേധിച്ചുകൊണ്ട് വാക്കേറ്റം നടന്നെങ്കിലും ഇത് വകവെയ്‌ക്കാതെയാണ് പോലീസ് കടകൾ പൊളിച്ച് നീക്കിയത്. ബീച്ചിൽ ഇനി കച്ചവടം നടത്താൻ പാടില്ലെന്നാണ് നിർദ്ദേശം.
നഗരത്തിലെ അനധികൃത കച്ചവടങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോർപ്പറേഷൻ നടപടി. ബീച്ചിലെത്തുന്ന സന്ദർശകർക്കായുള്ള ഇരിപ്പിടങ്ങൾ വരെ കച്ചവടക്കാർ കയ്യേറിയിരുന്നു. കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ബീച്ചിലെത്തുന്നത്. ഇതോടെ കച്ചവടങ്ങളും വർദ്ധിച്ചു. ബീച്ച് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും കൂടി. വൃത്തിയില്ലാത്ത ഭക്ഷണവിൽപ്പനയും വർദ്ധിച്ചു. ഇതോടെയാണ് കടകൾ പൂർണമായും ഒഴിപ്പിക്കാനും തീരുമാനമായത്.
ബുധനാഴ്ച രാവിലെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഈസ്റ്റ് പോലീസും ബീച്ചിലെത്തി താത്കാലിക ഷെഡുകൾ പൊളിച്ചുനീക്കാൻ തുടങ്ങിയത്. ഇതോടെ കച്ചവടക്കാരെത്തി പ്രശ്‌നമുണ്ടാക്കി. ഉദ്യോഗസ്ഥരുമായി വാക്കേറ്റമായതോടെ കച്ചവടക്കാർ മണലും ബിയർ കുപ്പിയും ചെരുപ്പുമെറിഞ്ഞ് ആക്രമണം നടത്താൻ ആരംഭിച്ചു.
അധികൃതർ മുന്നറിയിപ്പില്ലാതെയാണ് കടകളൊഴിപ്പിക്കാനെത്തിയത് എന്നാണ് കച്ചവടക്കാരുടെ പരാതി. എന്നാൽ അനധികൃത കച്ചവടക്കാർ ഒഴിഞ്ഞുപോകണമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കൊല്ലം ഡെപ്യൂട്ടി മേയർ പറഞ്ഞു. വിക്ടോറിയ ആശുപത്രി പരിസരം, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങളും അടുത്തദിവസങ്ങളിൽ ഒഴിപ്പിക്കാനാണ് തീരുമാനം.
















Comments