റെയിൽവേ സ്റ്റേഷനിൽ അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നത് ശിക്ഷാർഹമാണെന്ന് എത്ര പറഞ്ഞാലും അത് വകവെയ്ക്കാതെ തുടർന്നും ആവർത്തിക്കുന്നവരാണ് പലരും. ഇതിലൂടെ അപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകുന്നത് എങ്കിലും അത് അനുസരിക്കാൻ തയ്യാറാകുന്നവർ ചുരുക്കം മാത്രം. സ്റ്റെയർ കേസ് കയറി അടുത്ത പ്ലാറ്റ്ഫോമിലേക്ക് പോകാനുള്ള മടി കാരണമാണ് ഇത് ചെയ്യുന്നത്.
എന്നാൽ പാളത്തിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞ് കയറുന്നത് പലർക്കും പ്രയാസകരമാണ്. ഈ പ്രയാസം മറികടക്കാൻ വേണ്ടി ഏണി ഉപയോഗിച്ച് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് ഏണി വെച്ച് പാളത്തിലേക്ക് ഇറങ്ങുന്നയാളാണ് വീഡിയോയിലുളളത്. തുടർന്ന് ഏണിയെടുത്ത് പാളം മുറിച്ച് കടന്ന ശേഷം അതേ ഏണിയിലൂടെ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതും കാണാം.
വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കാല് വേദനയുള്ള അമ്മാവന്മാർ ഇങ്ങനെയാണ് ചെയ്യാറുള്ളത് എന്നും മികച്ച കണ്ടുപിടുത്തം എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പാളം മുറിച്ച് കടക്കുന്നത് ഇത്ര സിമ്പിളായിരുന്നോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്.
Comments