പട്ന : കാമുകിയെ കാണാൻ രാത്രി കാലങ്ങളിൽ ഗ്രാമത്തിലെ വൈദ്യുതി വിച്ഛേദിച്ച് യുവാവ്. ബീഹാറിലാണ് സംഭവം. ഇലക്ട്രീഷ്യനായ യുവാവ് ആരുമറിയാതെ കാമുകിയെ കാണാൻ വേണ്ടിയാണ് എന്നും രാത്രി വൈദ്യുതി വിച്ഛേദിച്ചത്. എന്നാൽ നാട്ടുകാർ ചേർന്ന് ഇയാളെ കൈയ്യോടെ പിടികൂടി. പിന്നാലെ ഒരു ട്വിസ്റ്റും ഉണ്ടായി.
കിഴക്കൻ ബീഹാറിലെ പൂർണിയ ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. എല്ലാ ദിവസം രാത്രി ഗ്രാമത്തിൽ കറന്റ് പോകും. പിന്നെ ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം മാത്രമേ വരൂ. ആദ്യമൊന്നും ആരും ഗൗരവത്തോടെ എടുത്തില്ലെങ്കിലും ഇത് മാസങ്ങളോളം തുടർന്നതോടെ ആളുകൾ അസ്വസ്ഥരായി. പവർ ഗ്രിഡ് തകരാറുകളൊന്നും കമ്പനി റിപ്പോർട്ട് ചെയ്തില്ല. സമീപ ഗ്രാമങ്ങളിൽ ഈ പ്രശ്നം ഇല്ലാതിരിക്കുന്നതും ആളുകളെ ആശങ്കയിലാക്കി. ഇതിന് പിന്നിലെ കാരണം എന്താണെന്ന് ആർക്കും മനസിലായില്ല.
ഇതിന് പിന്നാലെയാണ് അസ്വാഭാവിക കറന്റ് പോക്കിന്റെ കാരണം കണ്ടെത്താൻ ആളുകൾ ഇറങ്ങിയത്. കറന്റ് പോകുന്ന സമയത്ത് ഗ്രാമവാസികൾ സംഘങ്ങളായി തിരിഞ്ഞ് തെരുവുകളിൽ ചുറ്റി നടന്നു. സ്കൂളിലെ അങ്കണത്തിൽ എത്തിയ ചില ഗ്രാമവാസികൾ ഞെട്ടി. ഒരു പ്രണയ ജോഡിയെയാണ് അവിടെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ എല്ലാ സത്യവും പുറത്തുവന്നു. രഹസ്യമായി തമ്മിൽ കാണാൻ വേണ്ടിയാണ് ദിവസവും രാത്രി രണ്ട്- മൂന്ന് മണിക്കൂർ വൈദ്യുതി വിച്ഛേദിക്കുന്നത് എന്ന് അയാൾ പറഞ്ഞു. ഇരുട്ടത്ത് ആരും കണ്ടുപിടിക്കില്ലെന്ന് കരുതിയെന്നും അവർ ഗ്രാമവാസികളെ ബോധിപ്പിച്ചു.
ഇലക്ട്രീഷ്യനെ എല്ലാവരും ചേർന്ന് പൊതിരെ തല്ലിയെങ്കിലും സംഭവം നാട് മുഴുവൻ അറിഞ്ഞതോടെ ഇവരുടെ കല്യാണവും നാട്ടുകാർ നടത്തിക്കൊടുത്തു. ഇയാൾക്കെതിരെ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
Comments