രാജ്യത്ത് ആദ്യമായി പാമ്പുകള്‍ക്കായി ഒരു ആപ്പ് തയാറാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ വനം വകുപ്പ്. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് കേരള വനംവകുപ്പ് ‘സര്‍പ്പ’ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. പാമ്പുകളെ കുറ്റകൃത്യങ്ങള്‍ക്കും മറ്റു നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതും അശാസ്ത്രീയ പാമ്പുപിടുത്തം പാമ്പുകളുടെയും പാമ്പുപിടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2020 ആഗസ്റ്റിലാണ് സര്‍ക്കാര്‍ പാമ്പുപിടുത്തത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത്.
പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിട്ടയക്കുന്നത് ലക്ഷ്യമാക്കി ഒരു സംസ്ഥാനം മാര്‍ഗരേഖ തയ്യാറാക്കുന്നതും സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതും രാജ്യത്താദ്യമായാണ്. വനപാലകര്‍ക്കും പൊതുജനങ്ങള്‍ക്കും ശാസ്ത്രീയമായ പാമ്പുപിടുത്തത്തില്‍ വനംവകുപ്പ് പരിശീലനം നല്‍കിവരുന്നുണ്ട്. ഇതിനോടകം പരിശീലനം ലഭിച്ച 1060 പേര്‍ക്ക് ശാസ്ത്രീയ പാമ്പുപിടുത്തത്തില്‍ വനംവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി കഴിഞ്ഞു. ഇതില്‍ നൂറോളം പേര്‍ വനിതകളാണ്. ഇത്തരത്തില്‍ വനംവകുപ്പിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റില്ലാതെ പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെടുന്നത് അപകടകരവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഈ മാര്‍ഗരേഖയുടെ ഭാഗമായാണ് സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ വനം വന്യജീവി വകുപ്പ് വികസിപ്പിച്ചെടുത്തത്.
സര്‍പ്പയുടെ പ്രവര്‍ത്തനം എങ്ങനെ?
വളരെ ലളിതമായ പ്രവര്‍ത്തനരീതിയാണ് ഈ ആപ്പിന്റേത്. ഒരു പാമ്പിനെ അപകടകരമായ നിലയില്‍ കണ്ടാല്‍ ആ പാമ്പിന്റേയോ കണ്ട സ്ഥലത്തിന്റേയോ ഫോട്ടോ എടുത്ത് സര്‍പ്പയില്‍ അപ് ലോഡ് ചെയ്യുക. സന്ദേശം അയച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ ജി പി എസ് മുഖേന കണ്ടെത്തി സമീപത്തുള്ള റെസ്‌ക്യൂവര്‍ സംഭവസ്ഥലത്തെത്തും. വനംവകുപ്പ് പരിശീലനം നല്‍കിയിട്ടുള്ള എല്ലാ അംഗീകൃത റെസ്‌ക്യൂവര്‍മാരുടെയും മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടിയതു മുതല്‍ വിട്ടയച്ചതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഓരോ ജില്ലകളില്‍ നിന്നും പിടികൂടുകയും സുരക്ഷിതമായി വിട്ടയ്‌ക്കുകയും ചെയ്തിട്ടുള്ള പാമ്പുകളുടെ ഇനം തിരിച്ചുള്ള കണക്കുകളും സര്‍പ്പയില്‍ ലഭ്യമാണ്. ഇത് സംസ്ഥാനത്ത് കണ്ടുവരുന്ന പാമ്പുകളുടെ ഇനം, തരം തിരിച്ചുള്ള കണക്കുശേഖരണത്തിനും പഠനത്തിനും പാമ്പുകള്‍ മുഖേനയുണ്ടാകുന്ന അപായങ്ങള്‍ക്കെതിരെ ഫലപ്രദമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ഉപകാരപ്രദമാണ്. പാമ്പിന്‍ വിഷത്തിന് പ്രതിവിഷ ചികിത്സാരംഗത്ത് സജീവമായ ഗവേഷകര്‍ക്ക് അനിവാര്യമായ പല നിര്‍ണ്ണായക വിവരങ്ങളും സര്‍പ്പയിലെ ഡാറ്റാ അനാലിസിസില്‍ നിന്നും ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. ജനവാസ മേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷമില്ലാത്തത്, വിഷമുള്ളത്, സവിശേഷതകള്‍ തുടങ്ങി പാമ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ സര്‍പ്പയില്‍ ലഭിക്കും. ഇത് പാമ്പുകളെ കുറിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കാന്‍ സഹായകരമാണ്. സര്‍പ്പ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.
Comments