കൊച്ചി: തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്ക്. കൊട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്. പരസ്യപ്രചാരണം വൈകീട്ട് ആറുമണിയ്‌ക്ക് അവസാനിക്കാനിരിക്കെ തടസ്സങ്ങളെല്ലാം കാറ്റിൽ പറത്തി കേരള ജനപക്ഷം നേതാവ് പിസി ജോർജ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് ബിജെപി അണികൾക്ക് ആവേശമായി.
വർഗീയ ശക്തികൾക്ക് കുടപിടിയ്‌ക്കുന്ന ഇടതുപക്ഷത്തിന്റേയും യുഡിഎഫിന്റേയും ഇരട്ടനീതിയാണ് ബിജെപി പ്രധാനമായും പ്രചരണ ആയുധമാക്കുന്നത്.ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കൾ കൊട്ടികലാശത്തിന് നേതൃത്വം നൽകികൊണ്ട് പ്രചാരണ രംഗത്തുണ്ട്.
കേന്ദ്രസർക്കാറിന്റെ വികസനപദ്ധതികളെല്ലാം സംസ്ഥാനസർക്കാറിന്റേതാക്കി പ്രരിപ്പിക്കുന്ന സിപിഎമ്മിനേയും തൃക്കാക്കരയിൽ ബിജെപി തുറന്നുകാട്ടി. പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ ഭീകരത വളർത്താൻ കൂട്ടു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ജനം തിരിയുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം വ്യക്തമാക്കുന്നത്. കൊച്ചുകുട്ടികളെ കൊണ്ട് കൊലവിളി മുദ്രാവാക്യമടക്കം വിളിപ്പിച്ച് കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ ബിജെപിയുടെ ദേശീയനേതാക്കളടക്കം വിമർശിച്ചിരുന്നു. ദേശീയ നേതാക്കളടക്കം എത്തിയാണ് എഎൻ രാധാകൃഷ്ണനായി വേട്ടഭ്യർത്ഥിക്കുന്നത്.
വികസനം പ്രധാന വാഗ്ദാനം നൽകി നൂറ് തികയ്‌ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇടതുപക്ഷം എംഎൽഎമാരും മന്ത്രിമാരുമടക്കം ജോ ജോസഫിനായി പ്രചാരണരംഗത്തുണ്ട്.സ്ഥാനാർത്ഥി പ്രഖ്യാപനത്തോടനുബന്ധിച്ച് ഉയർന്ന വിവാദങ്ങൾ ഇടതുപക്ഷത്തിന്റെ പ്രചരണത്തെ പിന്നോട്ട് വലിച്ചെങ്കിലും മുഖ്യമന്ത്രിയെ അടക്കം മണ്ഡലത്തെത്തിച്ചാണ് സിപിഎം ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.
കെ റെയിൽ കല്ലിടലടക്കം നിർത്തി വെച്ച് ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് സിപിഎം. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമോ ഉപതിരഞ്ഞെടുപ്പ് ഫലം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ കെവി തോമസിനെയടക്കം പരസ്യപ്രചാരണത്തിന് ഇറക്കിയാണ്‌സിപിഎം പ്രചാരണം പൊടിപൊടിക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയുടേ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളും അണിയറയിൽ സജീവമാണ്.
പൊന്നാപുരം കോട്ട നിലനിർത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഭൂരിപക്ഷം വർദ്ധിപ്പിക്കാനാണ് ശ്രമമെന്നും തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെതിരെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്നും യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്. തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണവും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നുണ്ട്. കള്ളവോട്ടുണ്ടെന്നും വോട്ടർമാരെ ഒഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
പിസി തോമസിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ പത്‌നി ഉമ തോമസ് വിജയിക്കുമെന്ന വിശ്വാസമാണ് യുഡിഎഫ് പുലർത്തുന്നത്. ഉറച്ചകോട്ടയെന്ന് അഭിമാനിയ്‌ക്കുന്ന മണ്ഡലം നിലനിർത്തേണ്ടത് യുഡിഎഫിന്റെ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. മണ്ഡലം കൈവിടേണ്ട അവസ്ഥ വന്നാൽ പ്രധാനമായും പ്രചാരണ രംഗത്തുണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും കനത്ത പരാജയമായി തന്നെ വിലയിരുത്തപ്പെടും.
ആംആദ്മിയും ട്വന്റി 20 യും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനാൽ ഈ വോട്ടുകൾ ആരിലേക്ക് മറിയും എന്ന ചോദ്യമാണ് മൂന്ന് മുന്നണികളും ഉയർത്തുന്നത്.
Comments