ചണ്ഡീഗണ്ഡ്: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്ന സംഭവത്തിൽ ആആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും, കുറ്റവാളികൾ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഭഗവന്ത് മാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും, പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്നും കുറ്റപ്പെടുത്തി.
സിദ്ദു മൂസോലയുടെ ക്രൂരമായ കൊലപാതകം ഞെട്ടിക്കുന്നതാണ്. കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. പഞ്ചാബിൽ ക്രമസമാധാനം പൂർണമായും തകർന്നു. കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ല. പഞ്ചാബ് സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്ന് അമരീന്ദർ സിംഗ് ട്വീറ്റ് ചെയ്തു.
അതേസമയം സിദ്ദുവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. സിദ്ദുവിന്റെ മരണം ഞെട്ടലുണ്ടാക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണോ ആപ്പ് വാഗ്ദാനം ചെയ് പഞ്ചാബെന്ന് ബിജെപി വിമർശിച്ചു.
മൂസേവാലയ്‌ക്കുള്ള സുരക്ഷ ആപ്പ് സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മാൻസയിൽ വെച്ച് അജ്ഞാതരാണ് സിദ്ദു മൂസേവാലയ്‌ക്ക് നേരെ വെടിയുതിർത്തത്. കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുമ്പോളായിരുന്നു ആക്രമണം. 30 റൗണ്ടാണ് അക്രമികൾ വെടിയുതിർത്തത്. സുഹൃത്തുക്കൾക്കും പരിക്കേറ്റിട്ടുണ്ട്.
















Comments