വയനാട്: ബസിൽ ശല്യം ചെയ്ത മദ്യപാനിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് യുവതി. വയനാട്ടിലെ പനമരം സ്വദേശി സന്ധ്യയാണ് അതിക്രമത്തിന് മുതിർന്നയാളെ സ്വയം നേരിട്ടത്. ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് സന്ധ്യയെ തേടിയെത്തുന്നത്.
നാലാം മൈലിൽ നിന്നായിരുന്നു സന്ധ്യ ബസിൽ കയറിയത്. വേങ്ങാപ്പള്ളിയിലേക്ക് പോകുകയായിരുന്നു ഉദ്ദേശ്യം. ഇതിനിടെ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ ബസ് നിർത്തി. അപ്പോഴാണ് മദ്യപിച്ചയാൾ സന്ധ്യയുടെ സമീപം വന്നിരുന്നത്. കുറച്ചുസമയം പിന്നിട്ടപ്പോൾ സംസാരിച്ച് ശല്യം ചെയ്യാൻ ആരംഭിച്ചു. ഇതോടെ പിറകിലെ ഒഴിവുള്ള സീറ്റിലേക്ക് മാറിയിരിക്കാൻ സന്ധ്യ ആവശ്യപ്പെട്ടു.
മദ്യപാനി മാറാതായതോടെ സന്ധ്യ കണ്ടക്ടറെ വിവരമറിയിച്ചു. കണ്ടക്ടർ വന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടതോടെ ഇയാൾ സന്ധ്യയുടെ സമീപത്ത് നിന്നും എഴുന്നേൽക്കാൻ തയ്യാറായി. എന്നാൽ എഴുന്നേറ്റ് പോകുന്നതിനിടയ്‌ക്ക് സന്ധ്യയെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. സ്റ്റാൻഡിൽ നിന്ന് ബസ് നീങ്ങാൻ തുടങ്ങിയപ്പോൾ സന്ധ്യയുടെ അടുത്തെത്തി വീണ്ടും മോശമായ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ സന്ധ്യയെ സ്പർശിച്ച് ‘ സുന്ദരീ നിന്നെ ഞാൻ കൊണ്ടോകും’ എന്ന് പറഞ്ഞതായി യുവതി വെളിപ്പെടുത്തി.
ഇതോടൊണ് ക്ഷമ നശിച്ച സന്ധ്യ ബസിൽ നിന്ന് ഇറങ്ങി മദ്യപാനിയെ കൈകാര്യം ചെയ്തത്. രൂക്ഷമായ ഭാഷയിൽ മറുപടി കൊടുത്ത സന്ധ്യ മദ്യപാനിയെ തല്ലുകയും ചെയ്തു. ബസിലുണ്ടായിരുന്ന സ്ത്രീകൾ ശക്തമായി പിന്തുണച്ചുവെന്നും സന്ധ്യ പറയുന്നു. സംഭവത്തിന്റെ അവസാന ഭാഗങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സന്ധ്യയുടെ സ്വയം പ്രതിരോധം കയ്യടിക്കേണ്ടത് തന്നെയാണെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണം.
Comments