ശ്രീനഗർ : ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റ് ആയ അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ”ഇനി എല്ലാവരും കൊല്ലപ്പെടും” എന്നാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ ആയിരുന്നു വിവാദ പരാമർശം. ഭീതി സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശമാണ് നാഷണൽ കോൺഫറൻസ് നേതാവ് മാദ്ധ്യമങ്ങളോട് നടത്തിയത്.
കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊലപ്പെടുത്തിയ സാഹചര്യത്തിൽ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് നടക്കുന്ന ആക്രമങ്ങൾ അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്‌കൂൾ പരിസരത്ത് സുരക്ഷയ്‌ക്കായി കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയോടെ സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ഭീകരരുടെ ആക്രമണം. കുൽഗാം സ്വദേശിയും ഗോപാൽപോര ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയുമായ രജ്‌നി ബാലയാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ എത്തിയ ഭീകര സംഘമാണ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ രജ്നിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ചദോര മേഖലയിൽ ടിവി അവതാരകയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യാപിക ആക്രമണത്തിന് ഇരയായത്. അടുത്തിടെ കശ്മീരി പണ്ഡിറ്റ് ആയ രാഹുൽ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
Comments