തിരുവനന്തപുരം : ദയാവധം നടത്തിയ പശുവിൽ നിന്ന് പുതുജീവൻ സൃഷ്ടിച്ചു. മാട്ടുപ്പെട്ടിയിലാണ് സംഭവം. 30 ലിറ്റർ പാൽ തന്നിരുന്ന സങ്കരയിനം ജെഴ്സി പശുവിൽ നിന്നാണ് ആധുനിക വിദ്യകൾ ഉപയോഗിച്ച് ഒരു പുതുജീവൻ ഉണ്ടാക്കിയത്. കേരള കന്നുകാലി വികസനബോർഡിന്റെ മാട്ടുപ്പെട്ടി ഫാമിലെ പശുവായിരുന്നു ഇത്.
ഒരു വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ പശുവിനെ തിരികെ സാധാരണനിലയിലേക്ക് കൊണ്ടുവരാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും സാധ്യമായില്ല. മരുന്നുകളോടും പ്രതികരിക്കാതിരുന്നതോടെ ദയാവധം മാത്രമായി പോംവഴി. എന്നാൽ ശസ്ത്രക്രിയയിലൂടെ അവളിൽ നിന്ന് പുതുജീവൻ സൃഷ്ടിക്കാൻ വിദഗ്ധർ തീരുമാനിച്ചു.
പശുവിനെ മറവുചെയ്യുന്നതിന് മുമ്പ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്.) വഴി അണ്ഡാശയത്തിൽ നിന്നും പുറത്തെടുത്ത അണ്ഡങ്ങളിൽ നിന്ന് ഭ്രൂണത്തെയുണ്ടാക്കി. ആ ഭ്രൂണത്തെ മറ്റൊരു പശുവിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പരീക്ഷണം വിജയിച്ചതായി കണ്ടെത്തി. ഭ്രൂണത്തെ മൂന്ന് പശുക്കളിൽ നിക്ഷേപിച്ചങ്കിലും ഒരെണ്ണം മാത്രമേ വിജയം കണ്ടുള്ളൂ.
ഏപ്രിൽ 22-ന് രാത്രിയോടെ കിടാവ് പിറന്നതായി മാട്ടുപ്പെട്ടി ഫാമിലെ ഡോ. പ്രവീൺകുമാർ അറിയിച്ചു. കെ.എ.19365 എന്ന പേരിലാണ് ഈ സങ്കരവർഗം ജേഴ്സി കിടാവ് ഫാമിൽ അറിയപ്പെടുന്നത്.
Comments