എറണാകുളം: കൊച്ചി മെട്രോ യാർഡിലെ അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞു കയറി ട്രെയിനിൽ ആശങ്കപരമായ സന്ദേശമെഴുതി വച്ചതിൽ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.ഫസ്റ്റ് ഹിറ്റ് കൊച്ചി, ബേൺ എന്നീ വാചകങ്ങളായിരുന്നു കോച്ചിൽ എഴുതി വച്ചിരുന്നത്.
അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാർഡിൽ നുഴഞ്ഞു കയറിയ അജ്ഞാതർ പമ്പ എന്ന ട്രെയിനിന്റെ പുറത്താണ് ദുരൂഹത നിറഞ്ഞ ചില വാക്യങ്ങളും, വാചകങ്ങളും പെയിന്റ് ചെയ്ത് കടന്നുകളഞ്ഞത്. ഫസ്റ്റ് ഹിറ്റ് കൊച്ചി, ബേൺ എന്നീ വാചകങ്ങൾ ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. സ്പ്രേ പെയിന്റിൽ എഴുതി വച്ചത് ഭീഷണി സന്ദേശങ്ങളാണെന്നും, സ്ഫോടന മുന്നറിയിപ്പുകളാണോ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നുമുള്ള സംശയത്തെ തുടർന്നാണ് പോലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നത്. എന്നാൽ നിലവിൽ ഇത്തരം സംശയങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും, സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഈ പ്രവർത്തി ചെയ്തവർക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
ഏറെ നേരമെടുത്ത് സ്പ്രേപെയിന്റിൽ വാചകങ്ങളെഴുതിയത് കൊച്ചി മെട്രോ സുരക്ഷാ ഉദ്യോഗസ്ഥരോ, ജീവനക്കാരോ കണ്ടില്ലെന്നതും സംശയകരമാണ്. പാളത്തിലിറങ്ങി നടന്നാകാം അജ്ഞാതർ മുട്ടം യാർഡിനടുത്ത് എത്തിയതെന്നും, സർവീസ് അവസാനിപ്പിച്ച് നിർത്തിയിട്ടപ്പോഴാകാം എഴുതിയതെന്നും കരുതുന്നു. എ ടി എസും, കേന്ദ്ര അന്വേഷണ ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്.
Comments