കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനമെന്ന് കോടതി വിമർശിച്ചു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം തടയണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാത്ത സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജിയിൽ മറുപടി നൽകണമെന്ന് കെഎസ്ആർടിസിക്ക് കോടതി നിർദേശം നൽകി.
കെ.എസ്.ആർ ടി.സി ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകണം. അത് സാധിക്കാത്ത പക്ഷം ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
Comments